കയ്യേറ്റ വിഷയത്തില്‍ പ്രതിപക്ഷത്തെ വീണ്ടും വെല്ലുവിളിച്ച് തോമസ് ചാണ്ടി

0
42


ആലപ്പുഴ : കായല്‍ കൈയേറ്റ വിവാദങ്ങള്‍ക്കിടെ പ്രതിപക്ഷത്തെ വീണ്ടും വെല്ലുവിളിയുമായി തോമസ് ചാണ്ടി. കാനം രാജേന്ദ്രന്‍ നയിക്കുന്ന ജനജാഗ്രതാ യാത്രയ്ക്ക് കുട്ടനാട്ടില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പങ്കെടുക്കുമ്പോഴായിരുന്നു മന്ത്രിയുടെ വെല്ലുവിളി.

ചടങ്ങില്‍ സംസാരിക്കുന്നതിനിടെ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പേരില്‍ നിയമസഭയില്‍ പ്രതിപക്ഷ നേതാവിന്റെ മുഖത്ത് നോക്കി നടത്തിയ വെല്ലുവിളി അവര്‍ ഇതുവരെ സ്വീകരിച്ചില്ലെന്നും മന്ത്രി പറഞ്ഞു. മെത്രാന്‍ കായലും മാര്‍ത്താണ്ഡം കായലും അടക്കമുള്ളവ കണ്ടിട്ടുപോലും ഇല്ലാത്തവര്‍ അന്ധന്‍ ആനയെക്കണ്ടതുപോലെയാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും തോമസ് ചാണ്ടി പരിഹസിച്ചു. കൂടാതെ തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ഉടന്‍ തെളിയുമെന്നും കാര്യങ്ങള്‍ മനസിലാക്കാത്തവര്‍ക്ക് വേണ്ടിയാണ് ഇക്കാര്യം വിശദീകരിക്കുന്നതെന്നും പറഞ്ഞ് കാനത്തിനെതിരെ ഒളിയമ്പെയ്യാനും അദ്ദേഹം മറന്നില്ല.

സ്വകാര്യ വാര്‍ത്താ ചാനലിലെ ഉന്നതനാണ് തനിക്കെതിരെ ഉയര്‍ന്ന ഭൂമി കൈയേറ്റ വാര്‍ത്തകള്‍ക്ക് പിന്നിലെന്നും തോമസ് ചാണ്ടി ആരോപിച്ചു. തനിക്കെതിരെ ഒരു ചെറുവിരല്‍ അനക്കാന്‍ പോലും ഒരു അന്വേഷണ സംഘത്തിനും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്നര വര്‍ഷം കഴിയുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്ന് കരുതി കോണ്‍ഗ്രസില്‍ ഒരുപാട് പേര്‍ ഉടുപ്പ് തയാറാക്കി വച്ചിട്ടുണ്ട്. എന്നാല്‍ അടുത്ത 15 വര്‍ഷത്തേക്ക് പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി തുടരുമെന്നും കോണ്‍ഗ്രസിന് എല്‍ഡിഎഫ് സര്‍ക്കാരിനെ തകര്‍ക്കാന്‍ കഴിയില്ലെന്നും തോമസ് ചാണ്ടി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ആരെയും വെല്ലുവിളിക്കാനല്ല രാഷ്ട്രീയം പറയാനും സംസ്ഥാന സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ വിശദീകരിക്കാനുമാണ് യാത്രയെന്ന് കാനം വേദിയില്‍ പറഞ്ഞു.