ചെന്നൈയില്‍ കനത്ത മഴ; നഗരം വീണ്ടും പ്രളയഭീതിയില്‍

0
55

ചെന്നൈ: ഇടതടവില്ലാതെ പെയ്യുന്ന മഴയില്‍ ചെന്നൈ നഗരം വീണ്ടും പ്രളയഭീതിയില്‍. കഴിഞ്ഞ 24 മണിക്കൂര്‍ നേരം നിര്‍ത്താതെ പെയ്ത മഴ, നഗരത്തിന്റെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാക്കിയെന്നാണ് വിവരം. അതേസമയം, കനത്ത മഴമൂലം ഗൂഡല്ലൂരില്‍ ഒരു സ്ത്രീ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. വരും ദിവസങ്ങളിലും മഴ തുടരുമെന്ന കാലാവസ്ഥാ പ്രവചനം ഭീതി വര്‍ധിപ്പിച്ചു.
കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്റെ തെക്കന്‍ തീരത്തെത്തിയ വടക്കുകിഴക്കന്‍ മണ്‍സൂണാണ് കനത്ത മഴയ്ക്ക് കാരണമായതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. തമിഴ്‌നാട്ടില്‍ വരും ദിവസങ്ങളിലും മഴ തുടരും. എന്നാല്‍ തീരപ്രദേശങ്ങളില്‍ മഴയുടെ ശക്തി കൂടുതലായിരിക്കും. ഈ പ്രതിഭാസം രണ്ട് മൂന്ന് ദിവസം നീണ്ടുനില്‍ക്കുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. അതേസമയം, ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും എല്ലാ അടിയന്തര സാഹചര്യങ്ങളും നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്നും ഫിഷറീസ് വകുപ്പ് മന്ത്രി ഡി.ജയകുമാര്‍ പറഞ്ഞു.
സാധാരണ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ തമിഴ്‌നാട്, ആന്ധ്യാപ്രദേശ്, പുതുച്ചേരി തുടങ്ങിയ പ്രദേശങ്ങളില്‍ വടക്കു കിഴക്കന്‍ മണ്‍സൂണ്‍ സാമാന്യം നല്ല മഴ നല്‍കാറുണ്ട്. ഒരു വര്‍ഷം പെയ്യുന്ന മഴയുടെ 30 ശതമാനവും ഈ സമയത്താണ് ലഭിക്കുക. കഴിഞ്ഞ വര്‍ഷം ചെന്നൈ തീരത്ത് രൂപം കൊണ്ട നാഡ ചുഴലിക്കാറ്റ് കനത്ത മഴയ്ക്ക് കാരണമായിരുന്നു.
എന്നാല്‍ 2015ല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ചെന്നൈ തീരത്ത് വന്‍ദുരിതം വിതച്ചിരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റാകാതെ ചെന്നൈ തീരത്ത് കരയിലേക്കു കയറി. അധികം ദൂരം സഞ്ചരിക്കാതെ ചുറ്റിപ്പറ്റി നിന്ന കാര്‍മേഘങ്ങള്‍ തീരദേശത്തെ മൂന്നു ജില്ലകളെ മുക്കി. നാലു ദിവസം തുടര്‍ച്ചയായി ലഭിച്ച മഴ തമിഴകത്തെ വന്‍ പ്രളയത്തിലാഴ്ത്തി.