തിരുവനന്തപുരം: കായല്‍ കയ്യേറ്റത്തിന്റെ കാര്യത്തില്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ വെല്ലുവിളി നേരത്തെ തന്നെ താന്‍ ഏറ്റെടുക്കുകയും കയ്യേറ്റം ബോദ്ധ്യപ്പെടുകയും ചെയ്തതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ക്രമിനല്‍ കുറ്റം ചെയ്തതിന് മന്ത്രി സ്ഥാനം പോകുമെന്നും ജയിലില്‍ പോകേണ്ടിവരുമെന്നുമുള്ള വേവലാതി മൂലമാണ് അദ്ദേഹം പഴയ വെല്ലുവിളി വീണ്ടും നടത്തുന്നത്. അത് ഒരു കുറ്റവാളിയുടെ ജല്പനമായി മാത്രം കണ്ടാന്‍ മതിയെന്നും ചെന്നിത്തല പരിഹസിച്ചു.
യുഡിഎഫ് എംഎല്‍എമാര്‍ക്കൊപ്പം കായല്‍ കയ്യേറിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതും മന്ത്രിയുടെ കൈയേറ്റം നേരിട്ട് ബോദ്ധ്യപ്പെട്ടതുമാണ്. താന്‍ മാത്രമല്ല, കയ്യേറ്റത്തിനെതിരെ നടപടി സ്വീകരിക്കേണ്ട ജില്ലാ കളക്ടറും അവിടെ സന്ദര്‍ശിക്കുകയും കയ്യേറ്റം കണ്ടെത്തുകയും ചെയ്തതാണ്. രേഖകളെല്ലാം പരിശോധിച്ച ശേഷമാണ് തോമസ് ചാണ്ടി കായല്‍ കയ്യേറ്റം നടത്തിയതായി കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയതെന്നും ചെന്നിത്തല അറിയിച്ചു.
ഇതിനപ്പുറം എന്ത് അന്വേഷണവും എന്ത് തെളിവുമാണ് വേണ്ടതെന്ന് ചെന്നിത്തല ചോദിച്ചു. അന്തസുണ്ടെങ്കില്‍ നിയമസഭയില്‍ വെല്ലുവിളിച്ച തോമസ് ചാണ്ടി രാജി വച്ച് വീട്ടില്‍ പോവുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്വേഷണ ഏജന്‍സിക്ക് തനിക്കെതിരെ ചെറുവിരല്‍ അനക്കാന്‍ കഴിയില്ലെന്നാണ് തോമസ് ചാണ്ടിയുടെ വെല്ലുവിളി. അധികാരത്തിന്റെ അഹന്തയും ഭീഷണിയുമാണ് അത്. തോമസ് ചാണ്ടിയെ ഒപ്പം കൂട്ടി ജനജാഗ്രതാ യാത്ര നടത്തേണ്ടി വന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പരിതാപകരമായ അവസ്ഥയില്‍ സഹതാപം മാത്രമേ ഉള്ളൂ – പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
തോമസ് ചാണ്ടിക്കെതിരായ സര്‍ക്കാരിന്റെ കേസ് നടത്താന്‍ യോഗ്യനായ അഭിഭാഷകനെ വയ്ക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട കാനത്തിന് ഇപ്പോള്‍ തോമസ് ചാണ്ടിയെ ഒപ്പം കൂട്ടേണ്ടിയും വന്നിരിക്കുന്നു. കാനം എന്തിനാണ് ഇങ്ങനെ നാണം കെടുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.