സുരേഷ്ഗോപി എംപിയുടെ വാഹനവും വ്യാജ മേല്‍വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തത്
കൊച്ചി: ഫഹദ് ഫാസിലിനും അമലാ പോളിനും പിന്നാലെ നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയുടെ വാഹനവും വ്യാജ മേല്‍വിലാസം ഉപയോഗിച്ച് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതാണെന്ന് കണ്ടെത്തി. സുരേഷ് ഗോപി എംപി ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനമാണ് വ്യാജ മേല്‍വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സുരേഷ് ഗോപിയുടെ PY 01 BA 999 നമ്പര്‍ ഓഡി ക്യൂ സെവന് ആണ് പോണ്ടിച്ചേരിയിലെ വ്യാജ മേല്‍വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തില്‍ ഓടിക്കുന്നത്.
കാര്‍ വ്യാജ മേല്‍വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ നികുതിയിനത്തില്‍ കേരള ഖജനാവില്‍ എത്തേണ്ടിയിരുന്ന 15 ലക്ഷം രൂപയാണ് വെട്ടിച്ചിരിക്കുന്നത്. പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതിലൂടെ ഒന്നരലക്ഷം രൂപ മാത്രമേ അദ്ദേഹത്തിന് നികുതിയായി അടയ്ക്കേണ്ടി വന്നുള്ളൂ.
അമലപോളും ഫഹദ് ഫാസിലും വാഹനം വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെങ്കില്‍ സുരേഷ്ഗോപി ഈ വീട്ടില്‍ വാടകയ്ക്ക് താമസിച്ചുവെന്ന് രേഖയുണ്ടാക്കിയാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നടനെന്ന സ്ഥാനം മാത്രമല്ല രാജ്യസഭാ എംപി എന്ന സ്ഥാനം കൂടിയുള്ള സുരേഷ് ഗോപിയ്ക്കെതിരായ ഗുരുതര ആരോപണമാണിത്.