പി ടി എ റഹീമിന്റെ കാര്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സമ്മാനിച്ചതെന്ന് ആരോപണം

0
37

കോഴിക്കോട്: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുടെ സമ്മാനമാണ് കുന്നമംഗലം എം എല്‍ എ പി ടി എ റഹിം ഉപയോഗിക്കുന്ന ഇന്നോവ കാറെന്ന് ആരോപണം . കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതി നബീല്‍ അബ്ദുള്‍ഖാദറും ഫൈസലും ചേര്‍ന്ന് സമ്മാനിച്ചതാണ് എംഎല്‍എ ഉപയോഗിക്കുന്ന കാറെന്ന് കേസിലെ ഒന്നാം പ്രതിയായ ഷഹബാസാണ് വെളിപ്പെടുത്തിയത്.

എംഎല്‍എ റഹീമിന്റെ പേരിലുള്ള കെഎല്‍ 58 എല്‍ 4717 എന്ന ഇന്നോവ കാറാണ് സ്വര്‍ണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതിയായ നബില്‍ സമ്മാനിച്ചത്. കാറിന് വേണ്ട പണം ചെക്കായാണ് നല്‍കിയത്. നബീലിന്റെ ബന്ധുവായ റംഷാദ് കന്നിപൊയിലിന്റെ പേരിലാണ് ഈ ഇന്നോവ ആദ്യം രജിസ്റ്റര്‍ ചെയ്തത്.2013 നവംബര്‍ നാലിനാണ് തലശേരി ആര്‍ടിഒ ഓഫീസില്‍ ഈ വാഹനം രജിസ്റ്റര്‍ ചെയ്തതെന്നും ഷഹബാസ് പറയുന്നു.

തുടര്‍ന്ന് രണ്ട് മാസത്തിന് ശേഷം 2014 ജനുവരി മൂന്നിന് എംഎല്‍എയുടെ അടുത്ത ബന്ധുവായ ലുഫ്ത്തി മുഹമ്മദിന്റെ പേരിലേക്ക് വാഹനം മാറ്റുകയായിരുന്നു. എന്നാല്‍, 2014 ജൂണ്‍ എട്ടിന് ലുഫ്ത്തി ഇന്നോവ പിടിഎ റഹിം എംഎല്‍എയുടെ പേരിലേക്ക് മാറ്റുകയും ചെയ്തു.

വാഹനം സമ്മാനമായി നല്‍കിയതാണെന്ന ആരോപണം മറികടക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് വിലയിരുത്തലുകള്‍. ഈ കാര്‍ മൂന്നു തവണ കൈമാറ്റം ചെയ്തതിന്റെ വിവരങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്സൈറ്റിലും കാണിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പിന് ശേഷം ദുബായിയില്‍ എത്തിയ ഇടത് എംഎല്‍എമാരെ കള്ളക്കടത്ത് കേസിലെ പിടികിട്ടാപ്പുള്ളി അബു ലൈസ് വിമാനത്താവളത്തിലെത്തി സ്വീകരിക്കുന്നതിന്റെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ വഴി പുറത്തുവന്നിരുന്നു.
എന്നാല്‍ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ പി.ടി.എ. റഹിം എംഎല്‍എ ഇതുവരെ തയ്യാറായിട്ടില്ല.