തിരുവനന്തപുരം; സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും സ്വന്തമായി വെബ്സൈറ്റ് വരുന്നു.ഇതിനുള്ള നടപടികള്‍ രണ്ട് ആഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാകും. സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയ്ക്കാണ് സൈറ്റിന്റെ മേല്‍നോട്ടചുമതല.
കുറ്റകൃത്യം തടയാനായി ദേശീയതലത്തില്‍ എല്ലാ പൊലീസ് സ്റ്റേഷനുകളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ്വര്‍ക്ക് ആന്‍ഡ് സിസ്റ്റംസിന് (സി സി എന്‍ ടി എസ്) പുറമേയാണ് ഓരോ സ്റ്റേഷനിലും പ്രത്യേക വെബ്സൈറ്റുകള്‍ നിര്‍മിക്കുന്നത്.
എല്ലാ സ്റ്റേഷനുകളുടേയും സമഗ്രമായ വിവരം വെബ്സൈറ്റിലുണ്ടാകും. സ്റ്റേഷന്റെ അധികാരപരിധി, സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരുടെ പേരും ബന്ധപ്പെടേണ്ട ഫോണ്‍ നമ്പരും, മെയില്‍ ഐഡി, ജനമൈത്രി പൊലീസുമായി ബന്ധപ്പെട്ട വിവരങ്ങള്‍, ഹൈല്പ്പ്ലൈന് നമ്പരുകള്‍ തുടങ്ങിവയെല്ലാം സൈറ്റില്‍ ഉള്‍പ്പെടുത്തും. ഓണ്‍ലൈനായി പരാതി നല്‍കാനും പരാതിയില്‍ സ്വീകരിച്ച നടപടികള്‍ അറിയാനും സംവിധാനമൊരുക്കും.
രാജ്യത്തെ പൊലീസ് സ്റ്റേഷനുകള്‍ തമ്മില്‍ വിവരങ്ങള്‍ കൈമാറാന്‍ ഒരു ഏകീകൃത സംവിധാനമില്ലാത്തതിനെത്തുടര്ന്നാണു 2009ല്‍ സിസിടിഎന്‍എസ് ആരംഭിച്ചത്. ഈ സംവിധാനത്തിലൂടെ ഒരു സ്റ്റേഷനിലെ കുറ്റകൃത്യവുമായി ബന്ധപ്പെട്ട രേഖകള്‍ അടുത്ത സ്റ്റേഷനിലേക്കു വേഗത്തില്‍ കൈമാറാനാകും. സംസ്ഥാനത്തു സിസിടിഎന്‍എസ് നടപ്പിലാക്കാനുള്ള നോഡല്‍ ഏജന്‍സി സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ആണ്. സ്വന്തമായി വെബ്സൈറ്റ് വരുന്നതോടെ പൊലീസ് സ്റ്റേഷനുകളുടെ കാര്യക്ഷമത വര്‍ധിക്കുമെന്നാണ് ആഭ്യന്തരവകുപ്പിന്റെ വിലയിരുത്തല്‍.