ഹൈക്കോടതി വാര്‍ഷികാഘോഷം അഭിഭാഷകര്‍ ബഹിഷ്ക്കരിക്കും

0
35

കൊച്ചി: പ്രധാനമന്ത്രി പങ്കെടുത്ത ഹൈക്കോടതി വജ്രജൂബിലി ആഘോഷ ചടങ്ങില്‍ അഭിഭാഷകരെ ബാരിക്കേഡിനു പിന്നിലിരുത്തിയ നടപടിയില്‍ അഭിഭാഷക പ്രതിഷേധം തുടരുന്നു. വജ്രജൂബിലി ചടങ്ങിനോടുള്ള പ്രതിഷേധമെന്ന നിലയില്‍  ഹൈക്കോടതി വാര്‍ഷികാഘോഷത്തില്‍നിന്ന് അയ്യായിരത്തോളം അഭിഭാഷകര്‍ വിട്ടുനില്‍ക്കും.

നവംബര്‍ നാലിലെ ചീഫ് ജസ്റ്റിസിന്റെ യാത്രയയപ്പ് യോഗം, ഫുള്‍കോര്‍ട്ട് റഫറന്‍സ് എന്നീ പരിപാടികളും അഭിഭാഷകര്‍ ബഹിഷ്‌കരിക്കും. അഭിഭാഷകരെ ബാരിക്കേഡിന് പിന്നിലിരുത്തിയ നടപടിയില്‍ അഭിഭാഷകര്‍ക്ക് പ്രതിഷേധമുണ്ടെന്നു ചടങ്ങ് നടന്ന ഒക്ടോബര്‍ 28ന് തന്നെ 24 കേരള റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ജഡ്ജിമാര്‍ക്ക് പിന്നില്‍, രാഷ്ട്രീയക്കാര്‍ക്ക് പിന്നില്‍ ബാരിക്കേഡിനു പിറകിലിരുന്നാണ് അഭിഭാഷകര്‍ വജ്രജൂബിലി ആഘോഷ സമാപന ചടങ്ങും രാഷ്ട്രപതിയുടെ പ്രസംഗവും വീക്ഷിച്ചത്. ചടങ്ങ് തുടങ്ങുന്നതിനു മുന്‍പ് രണ്ടു തവണ മുതിര്‍ന്ന അഭിഭാഷകരെ മുന്‍ സീറ്റിലേക്ക് മുതിര്‍ന്ന ജഡ്ജിമാര്‍ ക്ഷണിച്ചിരുന്നു. ജഡ്ജിമാരുടെ നിരയില്‍ സീറ്റുകള്‍ അനവധി ഒഴിവുണ്ടായിരുന്നതിനാലായിരുന്നു അത്. എന്നാല്‍ മുതിര്‍ന്ന ജഡ്ജിമാര്‍ ക്ഷണിച്ചിട്ടും മുന്‍ എജി ദണ്ഡപാണി, സുമതി ദണ്ഡപാണി എന്നിവരുള്‍പ്പെടെയുണ്ടായിരുന്ന മുതിര്‍ന്ന അഭിഭാഷ്കര്‍ രണ്ടു തവണയും ക്ഷണം നിരസിച്ചു.

തങ്ങള്‍ക്ക് സീറ്റ് നിശ്ചയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ നിശ്ചയിച്ച സീറ്റിലിരിക്കാം എന്നായിരുന്നു മുതിര്‍ന്ന അഭിഭാഷക നിലപാട്. ഈ കാര്യമാണ് ചടങ്ങ് കഴിഞ്ഞയുടന്‍ 24 കേരള റിപ്പോര്‍ട്ട് ചെയ്തത്. ഇതേ പരിപാടിയില്‍ ആദ്യം അഡ്വക്കേറ്റ് ജനറല്‍ സി പി സുധാകരപ്രസാദിന് വേദിയില്‍ ഇടം നല്‍കിയില്ല. പിന്നീട് പ്രതിഷേധം രൂക്ഷമായപ്പോള്‍ എജിയെ വേദിയിലുള്‍പ്പെടുത്തി പ്രശ്‌നം പരിഹരിക്കുകയായിരുന്നു.