കൊച്ചി; ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരന് രാജീവ് കൊല്ലപ്പെട്ട കേസിലെ ഏഴാം പ്രതിയായ അഡ്വ സി പി ഉദയഭാനു ഒളിവിലാണെന്ന് പൊലീസ്. വീട്ടിലുള്‍പ്പെടെ തിരച്ചില്‍ നടത്തിയിട്ടും അദ്ദേഹത്തെ കണ്ടെത്താനായില്ല. ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് വീട്ടില്‍ നല്കി. കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിനു പിന്നാലെയാണ് ഉദയഭാനു ഒളിവില്‍ പോയതെന്നാണ് പൊലീസ് പറയുന്നത്.
കൊലക്കേസില്‍ പിടിയിലായവരുമായി ഫോണില്‍ ബന്ധപ്പെട്ടതു ചൂണ്ടിക്കാട്ടി താന്‍ ഗൂഢാലോചന നടത്തിയെന്ന വാദം നിലനില്‍ക്കില്ലെന്ന വാദം നിരാകരിച്ചു കൊണ്ടാണ് ഹൈക്കോടതി ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. കീഴടങ്ങാന്‍ സമയം വേണമെന്ന് ഉദയഭാനു ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതിനോടു കോടതി പ്രതികരിച്ചില്ല. നിയമം എല്ലാവര്ക്കും ഒരുപോലെയാണെന്നും കോടതി വ്യക്തമാക്കി.
അതേസമയം, ഉദയഭാനുവിനു കൊലപാതക ഗൂഢാലോചനയില്‍ നേരിട്ടു പങ്കുണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം. മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ ഇടക്കാല വിധി കേസന്വേഷണം നിലയ്ക്കാന്‍ കാരണമായെന്നു കാണിച്ചു രാജീവിന്റെ അമ്മ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനു പരാതി നല്‍കിയിരുന്നു.
രാജീവിന്റെ കൊലപാതകം നടന്ന ദിവസം കേസിലെ മുഖ്യപ്രതി ചക്കര ജോണി ഉള്‍പ്പെടെയുള്ളവരുമായി ഉദയഭാനു ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ ഉദയഭാനുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് പ്രോസിക്യൂഷന് കോടതിയെ ബോധിപ്പിച്ചു.