വാട്‌സാപ് ഇനി പണമിടപാടിനും

0
66

പണമിടപാട് ഇനി വാട്‌സാപിലൂടെ. സന്ദേശങ്ങള്‍ അയയ്ക്കാന്‍ മത്രമല്ല പണമിടപാടുകള്‍ക്കും വാട്‌സാപ് ഉപയോഗിക്കാം. ഇതിനായി വാട്‌സ് ആപ്പില്‍ തന്നെ ‘വാട്‌സാപ് പേ’ എന്ന പേരില്‍ പുതിയ ഫീച്ചര്‍ ഉടന്‍ പുറത്തിങ്ങും. ഈ ഫീച്ചര്‍ കൂട്ടിച്ചേര്‍ത്ത പുതിയ ആപ് വാട്‌സ് ആപ് പുറത്തിറക്കുന്നത് അടുത്തമാസമാണ്.

ഫേസ്ബുക്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള കമ്പനി എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ, എച്.ഡി.എഫ്.സി എന്നീ ബാങ്കുകളുമായി പണം കൈമാറ്റത്തിന് ധാരണയായിട്ടുണ്ട്. പണം കൈമാറുന്നത് യുനൈറ്റഡ് പേമെന്റ്‌സ് ഇന്റര്‍ഫേസ് (യു.പി.ഐ) വഴിയാണ്.

രഘുറാം രാജന്‍ ആര്‍.ബി.ഐ ഗവര്‍ണറായിരുന്ന കാലത്ത് ആവിഷ്‌കരിച്ച യു.പി.ഐയുടെ നടത്തിപ്പ് നാഷനല്‍ പേമെന്റ്‌സ് കോര്‍പറേഷനാണ്. പൂര്‍ണതോതില്‍ അത് പ്രവര്‍ത്തിച്ചുതുടങ്ങിയിട്ടില്ല.

വാട്‌സ് ആപ്പിന്റെ വാഗ്ദാനം യു.പി.ഐ തങ്ങളിലൂടെ നടപ്പാക്കാമെന്നാണ്. സന്ദേശങ്ങളും ചിത്രങ്ങളും വിഡിയോകളും മറ്റും ലക്ഷ്യസ്ഥാനത്ത് എത്തിക്കാനുള്ള വാട്‌സ് ആപ്പിന്റെ മികവ് ഫണ്ട് കൈമാറ്റത്തിനും ഫലപ്രദമാകുമെന്നാണ് അവരുടെ അവകാശ വാദം. യു.പി.ഐക്ക് പ്രാധാന്യം കേന്ദ്രസര്‍ക്കാര്‍ ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങിയതോടെ കൂടുന്നുണ്ട്.

2016-17 സാമ്പത്തിക വര്‍ഷം 7,000 കോടി രൂപ മൂല്യമുള്ള 17.8 ദശലക്ഷം ഡിജിറ്റല്‍ ഇടപാടുകള്‍ രാജ്യത്ത് നടന്നതായാണ് കണക്ക്. 200 ദശലക്ഷത്തിനടുത്ത് ഉപയോക്താക്കളുള്ള തങ്ങള്‍ക്ക് ഈ സേവനം നന്നായി ചെയ്യാനാകുമെന്നാണ് അവകാശവാദമെന്ന് എസ്.ബി.ഐ വൃത്തങ്ങള്‍ പറയുന്നു.