വാഹന രജിസ്‌ട്രേഷന്‍ സ്ഥിരതാമസക്കാര്‍ക്ക് മാത്രമെന്ന് പുതുച്ചേരി സര്‍ക്കാര്‍

0
48


പുതുച്ചേരി: നികുതി ഇളവിന്റെ ആനുകൂല്യം അയല്‍സംസ്ഥാനക്കാര്‍ ദുരുപയോഗം ചെയ്യുന്നതില്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് വാഹന രജിസ്‌ട്രേഷന്‍ നടപടികള്‍ കര്‍ശനമാക്കി പുതുച്ചേരി സര്‍ക്കാര്‍. സ്ഥിരതാമസക്കാര്‍ മാത്രം വാഹന രജിസ്‌ട്രേഷന്‍ നടത്തിയാല്‍ മതിയെന്നാണ് സര്‍ക്കാരിന്റെ നിര്‍ദേശം.

വ്യാജ വിലാസത്തില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തുന്നത് തടയാന്‍ ലഫ്റ്റ്‌നന്റ് ഗവര്‍ണര്‍ കിരണ്‍ ബേദി മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കിയതോടെയാണിത്. മതിയായ രേഖകളില്ലാതെ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യരുത്. പുതുച്ചേരിയിലെ അഞ്ച് ആര്‍ടി ഓഫീസുകള്‍ക്ക് കീഴില്‍ വരുന്ന സ്ഥിര താമസക്കാര്‍ക്ക് മാത്രം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കിയാല്‍ മതി എന്നിവയാണ് നിര്‍ദേശങ്ങളില്‍ പ്രധാനം.

നികുതിവെട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ ശക്തമായ പ്രാചാരണ പരിപാടി നടത്താന്‍ കേരള ഗതാഗത വകുപ്പ് തീരുമാനിച്ചിരുന്നു. നികുതി വെട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തുന്നവര്‍ക്ക് നോട്ടീസ് നല്‍കാനും തീരുമാനമായി. തട്ടിപ്പ് നടത്തുന്നവരില്‍ ഭൂരിഭാഗവും പ്രശസ്തരാണെന്നാണ് ഗതാഗത വകുപ്പിന്റെ വിലയിരുത്തല്‍.

വാഹന വില അടിസ്ഥാനമാക്കിയാണ് കേരളത്തില്‍ വാഹന നികുതി ചുമത്തുന്നത്. അഞ്ചുലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങള്‍ക്ക് വിലയുടെ ആറു ശതമാനവും അഞ്ചുലക്ഷം മുതല്‍ പത്തുലക്ഷം വരെ വിലയുള്ള വാഹനത്തിന് വിലയുടെ എട്ടുശതമാനവും പത്തുമുതല്‍ 15 ലക്ഷം വരെ വിലയുള്ള വാഹനങ്ങള്‍ക്ക് 10 ശതമാനവും 15 മുതല്‍ 20 ലക്ഷം വരെ വിലയുള്ള വാഹനങ്ങള്‍ക്ക് 15 ശതമാനവും 20 ലക്ഷത്തിനു മുകളിലുള്ള വാഹനങ്ങള്‍ക്ക് 20 ശതമാനവുമാണ് നികുതി.