വിദേശമദ്യവില വ്യാഴാഴ്ച മുതല്‍ വര്‍ധിക്കും

0
41

തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശ മദ്യത്തിന്റെ വില വ്യാഴാഴ്ച മുതല്‍ വര്‍ധിക്കും.ജനപ്രിയ ബ്രാന്റുകള്‍ക്ക് ഫുള്‍ ബോട്ടിലിന് 30 രൂപ മുതല്‍ 80 രൂപയുടെ വരെ വര്‍ദ്ധനയുണ്ടാവും. പ്രീമിയം ഇനങ്ങളുടെ വിലയില്‍ ഇതിലും കൂടിയ വര്‍ദ്ധന വരും. മദ്യകമ്പനികള്‍ക്ക് എഴുശതമാനം വില വര്‍ദ്ധിപ്പിച്ചു നല്‍കാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് മദ്യവില കൂടുന്നത്. ബെവ്കോ ഔട്ട്ലെറ്റുകളുടെ എണ്ണം കുറഞ്ഞതുമൂലം വരുമാനത്തില്‍ വന്ന കുറവ് നികത്താന്‍ കഴിഞ്ഞ വര്‍ഷം ബെവ്കോ മദ്യവില കൂട്ടിയിരുന്നു. മദ്യത്തിന്റെ വില 15 ശതമാനം വര്‍ധിപ്പിക്കണമെന്നാണ് വിതരണക്കാര്‍ ആവശ്യമുയര്‍ത്തിയത്.
അഞ്ചുവര്‍ഷത്തിനുശേഷമാണ് മദ്യവിലയില്‍ വര്‍ധനവുണ്ടാകുന്നത്. 2011 ലാണ് മദ്യ കമ്പനികള്‍ക്ക് ബിവറേജസ് കോര്‍പ്പറേഷന്‍ ഒടുവില്‍ വില കൂട്ടി നല്‍കിയത്. കുറെ വര്‍ഷങ്ങളായി വിലകൂട്ടണമെന്ന ആവശ്യം കമ്പനികള്‍ ഉന്നയിച്ചിരുന്നു. 100 മദ്യ കമ്പനികളാണ് ബെവ്കോയുമായി മദ്യം നല്‍കാനുള്ള കരാറിലേര്‍പ്പെട്ടിരുന്നത്. എന്നാല്‍ ഈ വര്‍ഷം 120 കമ്പനികള്‍ ടെണ്ടര്‍ നല്‍കാനെത്തി. കരാര്‍ പ്രകാരം ഓരോ ഇനത്തിനും നിശ്ചയിക്കുന്ന വിലയും(ലാന്‍ഡിംഗ് പ്രൈസ്) അതിനൊപ്പം 200 ശതമാനത്തോളം നികുതിയും ഉള്‍പ്പെടുന്നതാണ് ചില്ലറ വില്‍പ്പന ശാലകളിലെ വില.ഈ വിലയ്ക്കൊപ്പം വീണ്ടും മാര്‍ജിനിട്ടാണ് ബാറുകളില്‍ മദ്യം വില്‍ക്കുന്നത്. വില വര്‍ദ്ധനയോടെ ബിവറേജസ് കോര്‍പ്പറേഷന്റെ വരുമാനത്തിലും ഗണ്യമായ വര്‍ദ്ധനയുണ്ടാകും.
നിലവില്‍ പ്രതിദിനം 34 മുതല്‍ 35 കോടി വരെയാണ് ബെവ്കോയുടെ വിറ്റുവരവ്. ചില്ലറ വില്പനശാലകള്‍വഴിയുള്ള വരുമാനം28 കോടിയോളം വരും.വെയര്‍ ഹൗസുകളില്‍ നിന്ന് ബാറുകള്‍ക്കും കണ്‍സ്യൂമര്‍ഫെഡിനുമുള്ള മൊത്തവില്പനവഴി 67 കോടി കിട്ടും.2016-17 വര്‍ഷത്തെ ബെവ്‌കോയുടെ വാര്‍ഷിക വരുമാനം 12,137 കോടിയായിരുന്നു.