വിഭാഗീയത ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കുമോ? ബിജെപിയില്‍ പിടിമുറുക്കി കേന്ദ്രനേതൃത്വം

0
143

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: പതിറ്റാണ്ടുകളായി ബിജെപിയില്‍ പിടിമുറുക്കുന്ന വിഭാഗീയത അവസാനിക്കുമോ? വിഭാഗീയത പൂര്‍ണ്ണമായും ഒഴിവാക്കിയുള്ള ബിജെപി നേതൃയോഗമാണ് ആലപ്പുഴയില്‍ ഇന്നലെ സമാപിച്ചത്. ഇന്നലെ നടന്ന ബിജെപി നേതൃയോഗത്തിലും, അതിനു തൊട്ടു തലേന്ന് നടന്ന ബിജെപി കോര്‍ കമ്മറ്റി യോഗത്തിലും വിഭാഗീയതയുടെ അലകള്‍ പ്രതിഫലിച്ചില്ല. കേന്ദ്ര നേതൃത്വത്തിന്റെ കര്‍ശന നിരീക്ഷണത്തിന്റെ നിഴലിലാണ് ബിജെപിയുടെ ആലപ്പുഴ നേതൃയോഗങ്ങള്‍ നടന്നത്.

വിഭാഗീയത ഒഴിവാക്കാനുള്ള അമിത് ഷായുടെ കര്‍ശന നിര്‍ദ്ദേശം അതുകൊണ്ട് തന്നെ ചര്‍ച്ചകളില്‍ നിഴല്‍ പോലെ പ്രതിഫലിച്ചു.  പതിവ്പോലെ ഗ്രൂപ്പ് തിരിഞ്ഞുള്ള ഏറ്റുമുട്ടല്‍ ആലപ്പുഴ യോഗത്തില്‍ നടന്നില്ല. കോര്‍കമ്മറ്റിയോഗത്തിലും നേതൃയോഗത്തിലും നടന്നത് ഗൌരവതരമായ പാര്‍ട്ടി വിമര്‍ശനങ്ങളാണ്. വിഭാഗീയതയാണ് കേരളത്തിലെ ബിജെപിയുടെ വളര്‍ച്ച മുരടിപ്പിച്ചത് എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ വിഭാഗീയത ഒഴിവാക്കി മുന്നോട്ടു പോകാനുള്ള കര്‍ശന നിര്‍ദ്ദേശങ്ങള്‍ യോഗത്തിനു മുന്‍പ് തന്നെ കേന്ദ്ര നേതൃത്വം നല്‍കിയിരുന്നു.

മെഡിക്കല്‍ കോളേജ് കോഴ വിവാദം ദേശീയ തലത്തില്‍ സൃഷ്ടിച്ച പ്രതിസന്ധിയുടെ പാശ്ചാത്തലത്തിലാണ് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. ഇനിയും വിഭാഗീയതയുമായി മുന്നോട്ട് പോയാല്‍ ഏത് ഉന്നത നേതാവായാലും പാര്‍ട്ടിയില്‍ കാണില്ലാ എന്ന സന്ദേശമാണ് അമിത് ഷാ നല്‍കിയത്. അതുകൊണ്ട് തന്നെ ഇന്നലെ വിഭാഗീയത ഒഴിവാക്കി തന്നെ നേതാക്കള്‍ മുന്നോട്ട് നീങ്ങി. നേതാക്കള്‍ക്ക് ഈ നിര്‍ദ്ദേശം നല്‍കുമ്പോള്‍ തന്നെ വിഭാഗീയത ഘട്ടം ഘട്ടമായി ഒഴിവാക്കാനുള്ള നടപടികള്‍ക്ക് ആര്‍എസ്എസിന്റെ പിന്‍ബലത്തോടെ കേന്ദ്ര നേതൃത്വം തുടക്കമിട്ടിട്ടുമുണ്ട്.

ആലപ്പുഴ കൂടിയ സംസ്ഥാന കോര്‍ കമ്മറ്റി യോഗത്തില്‍ പാര്‍ട്ടി പരിപാടികളും മുന്നോട്ടുള്ള പോക്കുമാണ് ചര്‍ച്ചയായത്. മെഡിക്കല്‍ കോളേജ് കോഴ വിവാദം ഉടലെടുത്തപ്പോള്‍ കേന്ദ്ര ബിജെപി നേതൃത്വം ഗൌരവകരമായ നടപടികളുമായാണ് മുന്നോട്ടു പോയത്. കേന്ദ്ര ഏജന്‍സിയായ ഐബി വഴി അതുമായി ബന്ധപ്പെട്ട ഏറ്റവും ചെറിയ കാര്യം പോലും കേന്ദ്ര നേതൃത്വം ശേഖരിച്ചിരുന്നു.

ബിജെപിയുടെ സഹകരണ സെല്‍ കണ്‍വീനര്‍ ആയ എസ്.ആര്‍.വിനോദ് ഹവാല വഴി ഡല്‍ഹിയിലുള്ള ഏജന്റിനു പണം എത്തിച്ചത് സാധാരണ പോലെ തള്ളാന്‍ കേന്ദ്ര നേതൃത്വത്തിനു കഴിയുന്ന ഒരു കാര്യം ആയിരുന്നുമില്ല. ഏഷ്യാനെറ്റ് ചെയര്‍മാനും എംപിയുമായ രാജീവ് ചന്ദ്രശേഖറിന് വരെ ഈ കാര്യം അന്വേഷിക്കാന്‍ അമിത് ഷാ നേരിട്ട് നിര്‍ദ്ദേശം നല്‍കിയിരുന്നു.

24 മണിക്കൂര്‍ കൊണ്ടാണ് മെഡിക്കല്‍ കോളേജ് കോഴ വിവാദത്തിന്റെ സകല വിശദാംശങ്ങളും കേന്ദ്രനേതൃത്വം സ്വീകരിച്ചത്.  അതുകൊണ്ട് തന്നെ ഈ രീതിയിലുള്ള ഒരു അപവാദവും അഴിമതിയും കേരളത്തിലെ ബിജെപിയില്‍ നിന്ന് ഉയര്‍ന്നുവരാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും നടപടികളും എടുത്താണ് കേന്ദ്ര നേതൃത്വം മുന്നോട്ട് പോയത്.

”ഇന്നലെ ചേര്‍ന്ന ബിജെപി നേതൃയോഗത്തില്‍ വേങ്ങര തിരഞ്ഞെടുപ്പും, ജനരക്ഷായാത്രയുമാണ് ചര്‍ച്ചയായത്. നേതാക്കള്‍ തമ്മില്‍ ഒരസ്വാരസ്യവും ഇല്ലാതെ വളരെ വിമര്‍ശനാത്മകമായ രീതിയിലാണ് കാര്യങ്ങള്‍ വിലയിരുത്തപ്പെട്ടത്. ഒട്ടുവളരെ സംഘടനാകാര്യങ്ങളും വിവിധ പ്രക്ഷോഭ പരിപാടികളും തീരുമാനിക്കപ്പെട്ടു. തോമസ്‌ ചാണ്ടിക്കെതിരെയുള്ള ഭൂമി കയ്യേറ്റ [പ്രശ്നത്തില്‍ പ്രക്ഷോഭത്തിനു ഒരുങ്ങാനുള്ള തീരുമാനവും ഇന്നലെ ചേര്‍ന്ന നേതൃയോഗത്തില്‍ തീരുമാനമായി. 13 ആം തീയതിയുള്ള സെക്രട്ടറിയേറ്റ് ഉപരോധം തോമസ്‌ ചാണ്ടിയുടെ രാജി ലക്ഷ്യമാക്കിയാണ്. ഈ കാര്യത്തില്‍ ബിജെപി പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്. ”ബിജെപി സംസ്ഥാന വക്താവ് ജെ.ആര്‍.പത്മകുമാര്‍ 24 കേരളയോട് പറഞ്ഞു.

അമിത്ഷായുടെ കര്‍ശന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ചേരിതിരിഞ്ഞുള്ള ഒരാരോപണവും കോര്‍ കമ്മറ്റി യോഗത്തിലും അതിനുശേഷവും ചേര്‍ന്ന നേതൃയോഗത്തിലും ഉയര്‍ന്നില്ല. പകരം വിമര്‍ശന വിധേയമാകേണ്ട കുമ്മനം നയിച്ച ജനരക്ഷാ യാത്രയും, കേന്ദ്ര നേതാക്കളുടെ തുടരന്‍ കേരള വിരുദ്ധ പ്രസ്താവനകളും ചര്‍ച്ചയായി. കേന്ദ്ര നേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ വേങ്ങരയില്‍ പ്രതിഫലിച്ചെന്നും, ജനരക്ഷായാത്ര തുടങ്ങിയത് വേങ്ങര തിരഞ്ഞെടുപ്പ് സമയത്ത് ആകേണ്ടിയിരുന്നില്ലെന്നും നേതാക്കള്‍ വാദമുഖങ്ങള്‍ ഉന്നയിച്ചു.

സംസ്ഥാന നേതൃത്വം ജനരക്ഷായാത്രയുടെ പിറകെയായതിനാല്‍ വേങ്ങരയില്‍ സംസ്ഥാന നേതൃത്വത്തിന്റെ സാന്നിധ്യമുണ്ടായില്ല. അതുകൊണ്ട് തന്നെ നിരാശാജനകമായ ഫലമാണ് വേങ്ങരയില്‍ നിന്നും വന്നത്. നേതാക്കള്‍ പറഞ്ഞു. കായല്‍-ഭൂമി കയ്യേറ്റ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും തോമസ്‌ ചാണ്ടിയുടെ രാജി വൈകുന്നതില്‍ പ്രതിഷേധിച്ച് വരുന്ന 13 നു സെക്രട്ടറിയേറ്റ് ഉപരോധം നടത്താനും ബിജെപി നേതൃയോഗത്തില്‍ തീരുമാനമായി.

നേതാക്കള്‍ കുഞ്ഞാടുകളായ നേതൃയോഗമാണ് ആലപ്പുഴയില്‍ സമാപിച്ചതെങ്കിലും വിഭാഗീയതയില്‍ നിന്നും പാര്‍ട്ടി വഴിമാറി നടക്കുമെന്ന് ബിജെപിയിലെ മിക്ക നേതാക്കളും കരുതുന്നുമില്ല. പക്ഷെ കേന്ദ്രനേതൃത്വം ശക്തമായി പിടിമുറുക്കിയതിനാല്‍ അച്ചടക്കവുമായി ബന്ധപ്പെട്ട്  കേന്ദ്ര നേതൃത്വം എടുക്കുന്ന തീരുമാനങ്ങളുടെ കാര്യത്തില്‍  നേതാക്കള്‍ക്ക് ആശങ്കകളുമുണ്ട്.