തിരുവനന്തപുരം: പ്രാദേശിക സമരം കാരണം വിഴിഞ്ഞം തുറമുഖ ജോലികള്‍ സ്തംഭിച്ചിരിക്കെ മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞു ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് എം.വിന്‍സെന്റ് എം.എല്‍.എ. ആവശ്യപ്പെട്ടു. പ്രദേശവാസികളുടെ സമരം കാരണം എട്ടു ദിവസമായി വിഴിഞ്ഞം തുറമുഖ ജോലികള്‍ സ്തംഭിച്ചിരിക്കുകയാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ എം.വിന്‍സെന്റ് എംഎല്‍എ പറഞ്ഞു.
മുഖ്യമന്ത്രി ചര്‍ച്ച നടത്തിയാല്‍ പരിഹരിക്കാവുന്ന പ്രശ്നം മാത്രമേ വിഴിഞ്ഞത്ത് നിലനില്ക്കുന്നുള്ളൂ. ചര്‍ച്ച നടത്തിയാല്‍ സമരം അവസാനിക്കും. വിഴിഞ്ഞം പുനരധിവാസ പാക്കേജ് രണ്ടു വര്‍ഷമായിട്ടും ഇതുവരെ പൂര്ണ്ണരീതിയില് നടപ്പിലാക്കിയിട്ടില്ല.
ജനങ്ങള്‍ക്ക് പല രീതിയിലുള്ള വേവലാതികളുണ്ട്. വാഗ്ദാനങ്ങള്‍ ഒന്നും വിഴിഞ്ഞം കമ്പനി നടപ്പിലാക്കിയില്ല. വിഴിഞ്ഞത്ത് തുറമുഖ നിര്മ്മാണത്തിന്നായുള്ള പൈലിംഗ് തുടങ്ങിയപ്പോള്‍ പല വീടുകളിലും വിള്ളല്‍ വന്നിട്ടുണ്ട്. അത് പരാതിപ്പെട്ടപ്പോള്‍ പൈലിംഗ് കാരണമല്ലാ എന്നാണു കമ്പനി പറയുന്നത്. പൈലിംഗ് കാരണമല്ലാതെ എങ്ങിനെയാണ് വീടുകള്‍ക്ക് വിള്ളല്‍ വീഴുന്നത്. ഇത് കാരണമാണ് മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തണം എന്ന് പറയുന്നത്.
മുഖ്യമന്ത്രിക്ക് വിഴിഞ്ഞം സംബന്ധമായി കത്ത് നല്‍കിയിട്ടുണ്ട്. ചര്‍ച്ചയ്ക്ക് വിളിക്കും എന്നാണു പ്രതീക്ഷിക്കുന്നത്. വിഴിഞ്ഞത്തിനു തുറമുഖം വേണം എന്ന് പറഞ്ഞവരാണ് വിഴിഞ്ഞത്തുള്ളവര്‍. അല്ലാതെ തുറമുഖത്തിനു എതിരായി നിന്നവരല്ല. അപ്പോള്‍ വിഴിഞ്ഞം നിവാസികള്‍ സമരവുമായി മുന്നിട്ടിറങ്ങുമ്പോള്‍ അതിന്റെ കാരണമെന്ത് എന്ന് തിരക്കാനുള്ള ബാധ്യത മുഖ്യമന്ത്രിക്ക് ഉണ്ട്. പട്ടയം, കുടിവെള്ളം, പുനരധിവാസം എന്നിങ്ങനെ പല പ്രശ്നങ്ങള്‍ വിഴിഞ്ഞത്തെ ജനങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെന്നും വിന്‍സെന്റ് എംഎല്‍എ പറഞ്ഞു.
എം.വിന്‍സെന്റ് എം.എല്‍.എ മുഖ്യമന്ത്രിക്ക് നല്കിയ കത്തിന്റെ പൂര്‍ണരൂപം
ബഹുമാനപ്പെട്ട മുഖ്യമന്ത്രി,
ഒക്ടോബര്‍ 24-ാം തീയതി മുതല്‍ വിവധ ആവശ്യങ്ങള്‍ ഉന്നയിച്ച് വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികള്‍ വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്ത് അനിശ്ചിതകാല സമരം ആരംഭിച്ച വിവരം അങ്ങേയ്ക്ക് അറിവുള്ളതാണല്ലോ. പ്രസ്തുത സമരത്തിന് ആധാരമായ വിഷയങ്ങള്‍ 30-ാം തീയതി ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ സമരം നിര്‍ത്തിയാല്‍ മാത്രമേ ചര്‍ച്ച നടത്തുകയുള്ളൂ എന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുകയും തുടര്‍ന്ന് പ്രശ്നത്തിന് പരിഹാരമില്ലാതെ സമരം മുന്നോട്ട് പോകുകയാണ്. ഒക്ടോബര്‍ 24-ാം തീയതി മുതല്‍ തുറമുഖ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തടസ്സപ്പെട്ടിരിക്കുകയാണ്. ആയതിനാല്‍ അടിയന്തിരമായി ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി യോഗം വിളിക്കണം. നിര്‍ദ്ദിഷ്ട കുളച്ചല്‍ (ഇനയം) തുറമുഖത്തിനെതിരായി അവിടത്തെ മത്സ്യതൊഴിലാളികള്‍ ശക്തമായ പ്രക്ഷോപം നടത്തിവരികയാണ്. എന്നാല്‍ വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികള്‍ തുറമുഖം വേണം എന്നാവശ്യപ്പെട്ടുകൊണ്ട് സമരം ചെയ്തിട്ടുള്ളവരാണ്. ഇതുമായി ബന്ധപ്പെട്ട പല കഷ്ടനഷ്ടങ്ങള്‍ ഉണ്ടായിട്ടും തൊഴിലാളികള്‍ ഒരു തരത്തിലും തുറമുഖത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുതന്നെ തീരുമാനിക്കപ്പെട്ട പുനരധിവാസ പാക്കേജ് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ഗുണഭോക്താക്കള്‍ക്ക് പൂര്‍ണ്ണമായി ലഭ്യമാക്കാതെ അനന്തമായി നീളുകയാണ്. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ മേയ് മാസം 8-ാം തീയതി മുതല്‍ വിഴിഞ്ഞം ഇടവക കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല സമരം നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സമരം ആരംഭിക്കുന്ന ദിവസം രാവിലെ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും മുഖ്യമന്ത്രി തന്നെ വിഷയം ചര്‍ച്ച ചെയ്യും എന്ന ഉറപ്പിന്റെ അടിസ്ഥാനത്തില്‍ അനിശ്ചിതകാല സമരം ഉപേക്ഷിക്കുകയായിരുന്നു. മേയ് 15 ന് അങ്ങയുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ട ആവശ്യങ്ങളോട് അങ്ങ് ക്രിയാത്മകമായി പ്രതികരിക്കുകയും ഓരോ പ്രശ്നവും പരിഹരിക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തതാണ്. എന്നാല്‍ അഞ്ചു മാസം കഴിഞ്ഞിട്ടും പ്രശ്നത്തിന് പരിഹാരമുണ്ടായിട്ടില്ല. ഇതിനിടെയാണ് തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പൈലിംഗ് നടത്തിയപ്പോള്‍ പരിസരത്തുള്ള 168 ഓളം വീടുകള്‍ക്ക് സാരമായ കേടുപാടുകള്‍ ഉണ്ടായത്. ഈ പ്രശ്നം നിലനില്‍ക്കെ ഇതിന് പരിഹാരം കണ്ടെത്തിയതിന് ശേഷം മാത്രമേ പൈലിംഗ് പുനരാരംഭിക്കുകയുള്ളൂ എന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുള്ളത്. എന്നാല്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ 24-ാം തിയതി രാവിലെ വന്‍ പോലീസ് സന്നാഹത്തോടെ വന്ന് വീണ്ടും പൈലിംഗ് പണിയുമായി മുന്നോട്ട് പോകാന്‍ തുനിഞ്ഞപ്പോഴാണ് മത്സ്യത്തൊഴിലാളികള്‍ മുന്‍കൂട്ടി തീരുമാനിക്കാതെ തന്നെ അവിടെ തടിച്ചു കൂടുകയും സമരം ആരംഭിക്കുകയും ചെയ്തിട്ടുള്ളത്. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികള്‍ വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാകുന്നതിന് എല്ലാ പിന്തുണയും നല്കിയവരാണ്. നിര്‍ബന്ധിതമായ സാഹചര്യത്തിലാണ് അവര്‍ സമരരംഗത്ത് വന്നിട്ടുള്ളത്. ഈ പശ്ചാത്തലത്തില്‍ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് അടിയന്തിരമായി ചര്‍ച്ച നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.