ചെന്നൈ: സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയ്ക്ക് കോപ്പിയടിച്ച ഐ.പി.എസ് ഓഫീസര്‍ സഫീര്‍ കരീമിന്റെ ഭാര്യയേയും ഐ.ബി ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തു. ഇടുക്കി സ്വദേശിനി ജോയ്സി ആണ് അറസ്റ്റിലായത്. ഹൈദരാബാദിലെ ഒരു സിവില്‍ സര്‍വീസ് അക്കാദമിയില്‍ അധ്യാപികയാണ് ഇവര്‍. ഹൈദരാബാദില്‍ നിന്നാണ് ഇവരെ ഇന്നു രാവിലെ കസ്റ്റഡിയില്‍ എടുത്തത്. പരീക്ഷാ ഹാളില്‍ നിന്ന് ബ്ലൂടുത്ത് വഴി കോപ്പിയടിച്ച സഫീര്‍ കരീമിനെ ഇന്നലെയാണ് ഐ.ബി പിടികൂടിയത്.
സഫീര്‍ മുന്‍ പരീക്ഷകളിലും കോപ്പിയടിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഐ.ബി ഉദ്യോഗസ്ഥര്‍ പരീക്ഷാഹാളില്‍ പരിശോധന നടത്തിയത്. കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണും മറ്റും ഈ സമയം സുരക്ഷാ ജീവനക്കാര്‍ക്ക് കൈമാറും.
ഇയാള്‍ ഷൂവിന്റെ സോക്സിനുള്ളില്‍ ഒളിപ്പിച്ചുകയറ്റിയ മൊബൈല്‍ ഫോണും കോഡ്ലെസ് ബ്ലൂടുത്തും ഉപയോഗിച്ച് കോപ്പിയടിക്കുകയായിരുന്നു. പരീക്ഷാ ചോദ്യപേപ്പര്‍ കോപ്പിയെടുത്ത് ഭാര്യയ്ക്ക് അയച്ചുകൊടുക്കുകയും അവര്‍ അതിന്റെ ഉത്തരങ്ങള്‍ പറഞ്ഞുകൊടുക്കുകയുമായിരുന്നു.
2014ല്‍ ഐ.പി.എസ് ലഭിച്ചിരുന്ന സഫീര്‍ കരീം ഐ.എ.എസ് ലഭിക്കുന്നതിനു വേണ്ടിയാണ് വീണ്ടും പരീക്ഷ എഴുതിയത്. എറണാകുളം സ്വദേശിയായ കരീം തമിഴ്നാട് കേഡറില്‍ പ്രൊബേഷനറി ഓഫീസര്‍ ആയിരുന്നു.