വാഷിങ്ടണ്‍: അമേരിക്കന്‍ സൈന്യത്തില്‍ നിന്ന് ട്രാന്‍സ്ജെന്‍ഡറുകളെ വിലക്കിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് വാഷിങ്ടണ്‍ ഫെഡറല്‍ കോടതി താത്ക്കാലികമായി തടഞ്ഞു. വാഷിങ്ടണ്‍ ഫെഡറല്‍ കോടതി ജഡ്ജാണ് ട്രംപിന്റെ നീക്കത്തിന് തടയിട്ടത്. ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് അവസരം നല്‍കുന്നതിലൂടെ സൈന്യത്തിന് ദോഷം വരുന്നു എന്നുള്ള വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി അറിയിച്ചു. തങ്ങളുടെ ഭരണഘടനാപരമായ അവകാശത്തിനുമേല്‍ ട്രംപ് കൈകടത്തുന്നു എന്നാരോപിച്ച് ട്രാന്‍സ്ജെന്‍ഡര്‍ സര്‍വ്വീസ് അംഗങ്ങളാണ് കോടതിയെ സമീപിച്ചത്.
ബറാക്ക് ഒബാമ പ്രസിഡന്റായിരുന്ന കാലത്താണ് സൈന്യത്തില്‍ ലിംഗ സമത്വം കൊണ്ടുവരുന്നതിന്റെ ഭാഗമായി ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് അവസരം നല്കുന്ന നയം രൂപവത്കരിച്ചത്. എന്നാല്‍ ട്രംപ് അധികാരത്തിലെത്തിയതോടെ സൈന്യത്തില്‍ നിന്ന് ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്ന പ്രഖ്യാപനം പുറപ്പെടുവിച്ചു.
ജൂലായില്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ട്രംപിന്റെ ട്രാന്‍സ്ജെന്‍ഡര്‍ വിരുദ്ധ പ്രഖ്യാപനം നടത്തിയത്. ട്രാന്‍സ്ജെന്‍ഡറുകളുടെ ഹോര്‍മോണ്‍ ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കുമായി സര്‍ക്കാരിന് പരിധിയിലധികം പണം ചെലവഴിക്കേണ്ടി വരുന്നുണ്ടെന്നും ഇത് കനത്ത സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നുമായിരുന്നു ട്രംപിന്റെ വാദം.
ഓഗസ്റ്റ് മാസത്തോടെ സൈന്യത്തില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് തൊഴിലവസരം നല്‍കുന്നത് നിഷേധിച്ചു കൊണ്ടുള്ള ധാരണാപത്രത്തിലും ട്രംപ് ഒപ്പിട്ടു. മാത്രമല്ല നിലവില്‍ സൈന്യത്തിലുള്ള ട്രാന്‍സ്ജെന്‍ഡറുകളുടെ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത് തടയാനുള്ള വ്യവസ്ഥയും ധാരണാപത്രത്തില്‍ ട്രംപ് ഉറപ്പാക്കി.