ഹിമാചലില്‍ പ്രേംകുമാര്‍ ധൂമല്‍ ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

0
42

സിംല: ഹിമാചല്‍ പ്രദേശില്‍ അപ്രതീക്ഷിതമായി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ബി ജെ പി. പ്രേം കുമാര്‍ ധുമലാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. രാജ്ഗഡില്‍ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പ്രചാരണം നയിക്കുക 73 കാരനായ ധുമലായിരിക്കും.ഡിസംബര്‍ 18 ന് വോട്ടെണ്ണി കഴിയുമ്പോള്‍, ധുമലായിരിക്കും മുഖ്യമന്ത്രി എന്നും അമിത് ഷാ വ്യക്തമാക്കി. ഇതോടെ സംസ്ഥാന മുഖ്യമന്ത്രിയാകാമെന്ന കേന്ദ്ര മന്ത്രി ജെ.പി.നഡ്ഡയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി.

പാര്‍ട്ടിയിലെ ജനകീയതയും, സ്വീകാര്യതയുമാണ് ധുമലിന് അനുകൂല ഘടകമായി. ഒരുവിഭാഗം നേതാക്കള്‍ നഡ്ഡയ്ക്ക് വേണ്ടി വാദിച്ചെങ്കിലും, ജനകീയതയാണ് ധുമലിന് അനുകൂലമായത്. ധുമലിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നത് വൈകിയാല്‍, അത് സംസ്ഥാനത്തെ പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്നുള്ള റിപ്പോര്‍ട്ടുകളും കേന്ദ്രനേതൃത്വം മുഖവിലയ്‌ക്കെടുത്തു. ഷിംലയില്‍ നടന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തിലും ധുമലിനായിരുന്നു മേല്‍ക്കൈ .പുറത്തുവന്ന സര്‍വേ ഫലങ്ങളും ധൂമലിന് അനുകൂലമായി. ഇതും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തിലേക്കുള്ള എളുപ്പവഴിയായി.