ആധാറില്ലാതെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാമെന്ന് മദ്രാസ് ഹൈക്കോടതി

0
35

ചെന്നൈ: ആധാറില്ലാതെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാമെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ചെന്നൈ സ്വദേശിയായ പ്രീതി മോഹന്റെ ഹർജിയിലാണ് കോടതി വിധി.

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ആധാര്‍ നിര്‍ബന്ധമാണെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെ മറികടന്നു മദ്രാസ് ഹൈക്കോടതിയുടെ തീരുമാനം.

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി കൊണ്ടുള്ള നിര്‍ദേശത്തില്‍ സുപ്രീം കോടതി ഇളവ് വരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പ്രീതി ഹൈക്കോടതിയെ സമീപിച്ചത്.

ആദായനികുതി റിട്ടേണ്‍ നല്‍കാന്‍ പാനും ആധാറും ബന്ധിപ്പിക്കണമെന്നാണു കേന്ദ്രത്തിന്റെ ഉത്തരവ്.ഇതുള്‍പ്പെടെ ആധാറുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിശോധിക്കാന്‍ സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മദ്രാസ് ഹൈക്കോടതിയുടെ സുപ്രധാന തീരുമാനം.

ആദായനികുതി റിട്ടേണിന് ആധാര്‍ നിര്‍ബന്ധമാക്കിയതു ഭാഗികമായി സ്റ്റേ ചെയ്ത സുപ്രീം കോടതി ഉത്തരവു ചൂണ്ടിക്കാട്ടിയായിരുന്നു പ്രീതി മോഹന്റെ ഹര്‍ജി. ആധാര്‍ നമ്പരോ എന്‍റോള്‍മെന്റ് നമ്പരോ ഇല്ലാതെ നേരിട്ട് ആദായനികുതി അടയ്ക്കാമെന്ന തരത്തില്‍ കേരള ഹൈക്കോടതി അനുമതി നല്‍കിയിരുന്നതായും ഹര്‍ജിക്കാരി വ്യക്തമാക്കി. പ്രീതിയുടെ കേസ് ഡിസംബര്‍ 18നു പരിഗണിക്കാനായി മാറ്റി.