ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്കെതിരായ കേസുകള്‍ക്ക് അതിവേഗ കോടതി

0
25

ന്യൂഡല്‍ഹി: എം പിമാര്‍ക്കും എം എല്‍ എമാര്‍ക്കും എതിരായ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക അതിവേഗ കോടതികള്‍ സ്ഥാപിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. രാഷ്ട്രീയ രംഗത്തെ ശുദ്ധീകരണം എന്ന ലക്ഷ്യത്തോടെയാണ് ജനപ്രതിനിധികള്‍ക്കെതിരായ കെട്ടിക്കിടക്കുന്ന കേസുകളില്‍ വേഗത്തില്‍ തീരുമാനമുണ്ടാക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

2014ലെ കണക്കനുസരിച്ച് 1,581 കേസുകളാണ് എം പിമാര്‍ക്കും എം എല്‍ എമാര്‍ക്കുമെതിരായി രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നത്. ഒരു വര്‍ഷംകൊണ്ട് ഇവയില്‍ എത്രയെണ്ണം തീര്‍പ്പാക്കിയെന്ന കാര്യം അറിയിക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. എംപിമാര്‍ക്കും എം എല്‍ എമാര്‍ക്കും എതിരായുള്ള കേസുകള്‍ പരിഗണിക്കുന്നതിന് പുതിയ കോടതികള്‍ സ്ഥാപിക്കുന്നതിന് എത്ര തുക വേണ്ടിവരുമെന്നും അറിയിക്കണം.

കുറ്റവാളികളായ രാഷ്ട്രീയക്കാര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ പരാമര്‍ശമുണ്ടായത്. കുറ്റവാളികള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നിലവില്‍ ആറ് വര്‍ഷത്തെ വിലക്കാണ് ഉള്ളത്. ഇത് ആജീവനാന്ത വിലക്കാക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, നവീന്‍ സിന്‍ഹ എന്നിവരടങ്ങുന്ന ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

കുറ്റവാളികളായ രാഷ്ട്രീയ നേതാക്കള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെയും നിയമ കമ്മീഷന്റെയും ശുപാര്‍ശകള്‍ സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാകുന്നവര്‍ക്ക് വേണ്ട കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത, പരമാവധി പ്രായം തുടങ്ങിയ കാര്യങ്ങളില്‍ അഭിപ്രായം അറിയിക്കാന്‍ സര്‍ക്കാരിനോടും തിരഞ്ഞെടുപ്പ് കമ്മീഷനോടും സുപ്രീം കോടതി നേരത്തേ ആവശ്യപ്പെട്ടിരുന്നു.