കായല്‍ കൈയ്യേറ്റം; വെല്ലുവിളിച്ച തോമസ് ചാണ്ടിക്ക് പിണറായിയുടെ ശാസന

0
42

തിരുവനന്തപുരം: മാര്‍ത്താണ്ഡം കായലിലെ കയ്യേറ്റത്തെക്കുറിച്ച് വെല്ലുവിളിയുടെ ഭാഷയില്‍ സംസാരിച്ച തോമസ് ചാണ്ടിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ ശാസന. ജനജാഗ്രതാ യാത്രയ്ക്കിടെയായിരുന്നു മന്ത്രിയുടെ വിവാദമായ വെല്ലുവിളി. മന്ത്രിസഭാ യോഗത്തിനുശേഷം മുറിയിലേക്ക്  വിളിച്ചുവരുത്തിയായിരുന്നു ശാസന. തോമസ് ചാണ്ടിയുടെ നിലപാടിലുള്ള അതൃപ്തിയും മുഖ്യമന്ത്രി അറിയിച്ചു.

ഭൂമി കയ്യേറ്റം സംബന്ധിച്ച് തനിക്കെതിരെ ചെറുവിരല്‍പോലും അനക്കാന്‍ അന്വേഷണ സംഘത്തിനു കഴിയില്ലെന്നാണു ജനജാഗ്രതാ യാത്രയ്ക്കിടെ മന്ത്രി വെല്ലുവിളിച്ചത്. ഒരു സെന്റ് കയ്യേറിയെന്നു തെളിയിച്ചാല്‍ എം എല്‍ എ സ്ഥാനംവരെ രാജിവയ്ക്കും. പാലക്കാട്ടുകാരനായ എം എല്‍ എ ക്കൊച്ചന്‍ അന്ധന്‍ ആനയെ കണ്ടതുപോലെയാണു മാര്‍ത്താണ്ഡം കായലിനെപ്പറ്റി അടിയന്തര പ്രമേയം അവതരിപ്പിച്ചത്. മാര്‍ത്താണ്ഡം കായല്‍ കൃഷിക്കാര്‍ക്കു പതിച്ചുകൊടുത്തതാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരിക്കുമെന്നും സമ്മേളനത്തിനിടെ തോമസ് ചാണ്ടി പറഞ്ഞിരുന്നു.

‘മാര്‍ത്താണ്ഡം കായലില്‍, വഴിയില്‍ മണ്ണിട്ടുവെന്നു പറഞ്ഞാല്‍ നികത്തിയെന്നല്ലല്ലോ. എന്റെ വീടിന്റെ ഒരു വശം താഴ്ന്നാല്‍ അവിടെ മണ്ണിറക്കി ഉയര്‍ത്തുന്നതു നികത്തലാകുമോ? അപ്പുറത്തും ഇപ്പുറത്തും കിടക്കുന്ന ഭൂമിയുടെ നടുക്കുള്ള വഴി നടക്കാന്‍ പാകത്തില്‍ വൃത്തിയാക്കണ്ടേ? ഇനിയും 42 പ്ലോട്ട് ഉണ്ട്. അവിടെയും ഇതുപോലെ തന്നെ ചെയ്യും.’, പിന്നീടു തോമസ് ചാണ്ടി മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

അതേസമയംനിയമം എല്ലാവര്‍ക്കും ബാധകമാണെന്ന് ജനജാഗ്രതായാത്രക്ക് നേതൃത്വം നല്‍കിയ കാനം രാജേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു . നിയമം ലംഘിക്കുന്നവരെ സംരക്ഷിക്കില്ലെന്ന് അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു.