കെ.എസ്.ആര്‍.ടി.സി വാടകയ്‌ക്കെടുത്ത സ്‌കാനിയ സൂപ്പര്‍ ഡീലക്സ് ബസുകള്‍ ഓടിത്തുടങ്ങി

0
34


തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി വെറ്റ് ലീസ് കരാര്‍ അടിസ്ഥാനത്തില്‍ അന്തര്‍സംസ്ഥാന-ദീര്‍ഘദൂര സര്‍വിസുകള്‍ക്കായി നിരത്തിലിറക്കുന്ന സ്‌കാനിയ സൂപ്പര്‍ ഡീലക്സ് ബസുകള്‍ ഇന്നു മുതല്‍ നിരത്തുകളില്‍ ഓടിത്തുടങ്ങി. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയില്‍ നിന്ന് 5 ബസുകള്‍ ഫ്ളാഗ് ഓഫ് ചെയ്തു. പ്രീമിയംക്ളാസ് ബസ്സുകള്‍ വാടക ഇനത്തില്‍ ലഭ്യമാക്കി ഓടിക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സംരംഭം. ബെംഗളൂരു, ചെന്നൈ, മംഗളുരു, മണിപ്പാല്‍, സേലം, മധുര എന്നീ റൂട്ടുകളിലാണ് ആദ്യ ഘട്ടത്തില്‍ സ്‌കാനിയ സൂപ്പര്‍ ഡീലക്സ് വാടക ബസുകള്‍ ഓടിക്കുന്നത്.

അന്തര്‍സംസ്ഥാന റൂട്ടുകളിലും ദീര്‍ഘദൂര സര്‍വീസുകളിലും ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ പിന്‍വലിച്ച് ഇവിടെ കോര്‍പ്പറേഷന്‍ വാടകയ്ക്ക് എടുക്കുന്ന ആഡംബര ബസുകളാകും ഓടുക. ബസും ഡ്രൈവറും സ്‌കാനിയ കമ്പനി നല്‍കുന്ന രീതിയിലുള്ള വെറ്റ് ലീസ് കരാറിന്റെ അടിസ്ഥാനത്തിലായിരിക്കും. കണ്ടക്ടറും ഡീസലും കെ.എസ്.ആര്‍.ടി.സി വകയായിരിക്കും. ആദ്യഘട്ടത്തില്‍ 10 ബസുകളും രണ്ടാം ഘട്ടത്തില്‍ 15 ബസുകളും നിരത്തിലിറങ്ങും. അറ്റകുറ്റപ്പണികള്‍, ടോള്‍, പെര്‍മിറ്റ് തുടങ്ങിയവ സ്വകാര്യ ബസ് കമ്പനിയുടെ ചുമതലയില്‍ ആയിരിക്കും. വാടക സംവിധാനം ലാഭകരമെന്നു കണ്ടാല്‍ പദ്ധതി മറ്റു ദീര്‍ഘദൂര റൂട്ടുകളിലേക്കും വ്യാപിപ്പിക്കും.

തുടക്കത്തില്‍ 10 സ്‌കാനിയ ബസ്സുകള്‍ ആണ് വൈറ്റ് ലീസ് പദ്ധതി പ്രകാരം കെഎസ്ആര്‍ടിസി നിരത്തിലിറക്കുന്നത്. പുതിയ ബോഡി കോഡ് വ്യവസ്ഥയുള്ള 46 സീറ്റുകളാകും ഒരു ബസ്സിലുള്ളത്. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനവും ഉണ്ടായിരിക്കും. കിലോമീറ്ററിന് 23 രൂപ മുതല്‍ വിവിധ സ്ലാബുകളിലായാണ് വാടക നിശ്ചയിച്ചിരിക്കുന്നത്.