ഗെയില്‍ പൈപ്പ് ലൈന്‍ സംഘര്‍ഷം; മുക്കത്ത് നാളെ ഹര്‍ത്താല്‍

0
39


കോഴിക്കോട്: ഗെയില്‍ പൈപ്പ് ലൈനിനെതിരെ മുക്കം എരഞ്ഞിമാവില്‍ നടന്ന പ്രതിഷേധത്തിനിടെ പൈപ്പ്‌ലൈന്‍ വിരുദ്ധ സമരസമിതിയും പൊലീസും തമ്മില്‍ സംഘര്‍ഷം. സമരക്കാര്‍ പൊലീസ് വാഹനങ്ങള്‍ തല്ലി തകര്‍ത്തു. ഇതേത്തുടര്‍ന്ന് പൊലീസ് ലാത്തി വീശുകയും സമരപന്തല്‍ പൊളിച്ച് നീക്കുകയും ചെയ്തു. സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള പത്തുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

പൊലീസ് ലാത്തിച്ചാര്‍ജിനെ തുടര്‍ന്ന് മുക്കത്തുനിന്ന് ഒഴിഞ്ഞുപോയ സമരക്കാര്‍ വലിയപറമ്പിലും പ്രതിഷേധ പ്രകടനം നടത്തി. ഇവിടെയും പൊലീസ് എത്തിയതോടെ ഒരു വിഭാഗം കല്ലായില്‍ റോഡ് തടഞ്ഞും പ്രതിഷേധിച്ചു. കൂടാതെ റോഡില്‍ ടയര്‍ കൂട്ടിയിട്ടു കത്തിച്ചു വഴി തടസ്സപ്പെടുത്തുകയും ചെയ്തു. സമരക്കാര്‍ കെഎസ്ആര്‍ടിസി ബസുകള്‍ തടയുകയും ബസിന് കല്ലെറിയുകയും ചെയ്തു.
അതിനിടെ, സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരന് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. സംഘര്‍ഷ സ്ഥലത്ത് ദ്രുതകര്‍മ സേനയും എത്തിയിട്ടുണ്ട്.

ഗെയില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുക്കുന്നതിനോടായിരുന്നു സമര സമിതിക്കാരുടെ എതിര്‍പ്പ്. കൂടാതെ റീ സര്‍വേ നടത്തണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യങ്ങളുന്നയിച്ച് കൊണ്ട് കഴിഞ്ഞ മൂന്ന് മാസത്തോളമായി ഇവിടെ സമരം നടക്കുന്നുണ്ടായിരുന്നു.

എന്നാല്‍ ഇന്ന് സ്ഥലമേറ്റെടുക്കാനായി അധികൃതര്‍ എത്തിയതോടെ നാട്ടുകാര്‍ സംഘടിച്ചെത്തുകയും സമരം സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് നാളെ മുക്കത്ത് ഹര്‍ത്താല്‍ നടത്താന്‍ സമരസമിതി ആഹ്വാനം ചെയ്തു.