കോഴിക്കോട് ; മുക്കത്ത് ഗെയില്‍ പൈപ്പ് ലൈനിനെതിരായ സമരത്തിനിടെ വീണ്ടും സംഘര്‍ഷം. ഇതേ തുടര്‍ന്ന് നാളെ തിരുവമ്പാടി മണ്ഡലത്തില്‍ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ സമരം ചെയ്തതിനു കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടു മുക്കം പൊലീസ് സ്റ്റേഷന് ഉപരോധിച്ച സമരക്കാര്‍ക്കു നേരെ പൊലീസ് ലാത്തിവീശി. കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു. മാധ്യമപ്രവര്‍ത്തകരടക്കം നിരവധിപ്പേര്‍ക്ക് പരുക്കേറ്റു.
പൈപ്പുകള്‍ സ്ഥാപിക്കാനായി എത്തിയ മണ്ണുമാന്തി യന്ത്രം സമരക്കാര്‍ തടഞ്ഞതോടെയാണു രാവിലെ പ്രശ്നങ്ങള്‍ക്കു തുടക്കമായത്. പൊലീസും പൈപ്പ്ലൈന് വിരുദ്ധ സമിതിയും തമ്മില്‍ നടത്തിയ സംഘര്‍ഷത്തിനിടെ പ്രതിഷേധക്കാര്‍ പൊലീസ് വാഹനം എറിഞ്ഞുതകര്‍ത്തു. ഇതേത്തുടര്‍ന്നു പൊലീസ് ലാത്തി വീശി. സമരപ്പന്തല്‍ പൊളിച്ചുനീക്കിയ പൊലീസ് കണ്ണീര് വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു. സംഘര്‍ഷമുണ്ടാക്കിയ പത്തു പേരെ കസ്റ്റഡിയില്‍ എടുത്തു.
ഗെയില്‍ പൈപ്പ്ലൈന് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു സ്ഥലമേറ്റെടുക്കുന്നതിലായിരുന്നു സമര സമിതിക്കാരുടെ എതിര്‍പ്പ്. റീസര്‍വേ വേണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. മൂന്നു മാസമായി സമരം നടക്കുന്നുണ്ടെങ്കിലും സ്ഥലമേറ്റെടുക്കാനായി ഇന്ന് അധികൃതര്‍ എത്തിയതോടെയാണ് നാട്ടുകാര്‍ സംഘടിച്ചെത്തിയത്.