ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്രയ്ക്ക് ഇന്ന് തുടക്കം

0
35

കാസര്‍കോട്: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്റെ രാഷ്ട്രീയ പ്രചാരണ യാത്രയായ പടയൊരുക്കം ജാഥയ്ക്ക് കാസര്‍കോട് ഉപ്പളയില്‍ നിന്ന് ഇന്ന് തുടക്കമാകും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനടപടികള്‍ക്കെതിരായാണ് യാത്ര നടത്തുന്നത്.

വൈകുന്നേരം 4 മണിക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി പടയൊരുക്കം യാത്ര ഉദ്ഘാടനം ചെയ്യും. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസ്സന്‍, മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി., എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിമാരായ മുകുല്‍ വാസ്നിക്, കെ.സി.വേണുഗോപാല്‍, കര്‍ണാടക മന്ത്രി യു.റ്റി. ഖാദര്‍, രാമനത്ത് പൈ, എം.പി.വീരേന്ദ്രകുമാര്‍ എം.പി തുടങ്ങിയ യു.ഡി.എഫ്. നേതാക്കള്‍ക്കു പുറമേ എം.പി മാര്‍, എം.എല്‍.എ മാര്‍ മറ്റു സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന പടയൊരുക്കം യാത്ര ഡിസംബര്‍ 1-ന് തിരുവനന്തപുരത്താണ് സമാപിക്കുന്നത്. സമാപന റാലി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്യും.