ദിലീപിന് ജയിലില്‍ സന്ദര്‍ശകരെ അനുവദിച്ചതില്‍ ചട്ടലംഘനം നടന്നതായി രേഖകള്‍

0
33

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ജയിലില്‍ കഴിഞ്ഞിരുന്ന സമയത്ത് ദിലീപിനെ കാണാന്‍ സന്ദര്‍ശകരെ അനുവദിച്ചതില്‍ ഗുരുതര ചട്ടലംഘനം നടന്നതായി ജയില്‍ രേഖകള്‍. വിവരാവകാശ പ്രകാരം ലഭിച്ച ജയില്‍ രേഖകളില്‍ ഇക്കാര്യം വ്യക്തമാണ്.

ദിലീപിനെ കാണാനെത്തിയ സിനിമാപ്രവര്‍ത്തകര്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു എത്തിയതെന്നും സന്ദര്‍ശക രേഖയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. നടനും എം.എല്‍.എയുമായ കെ.ബി.ഗണേഷ്‌കുമാര്‍ ദിലീപിനെ സന്ദര്‍ശിച്ചതും കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ്. എന്നാല്‍ നടന്‍ സിദ്ദിഖില്‍ നിന്ന് അപേക്ഷ പോലും വാങ്ങാതെയാണ് സന്ദര്‍ശനാനുമതി നല്‍കിയത്. നടന്‍ ജയറാമില്‍ നിന്ന് മതിയായ രേഖകള്‍ വാങ്ങാതെയാണ് ദിലീപിന് ഓണക്കോടി നല്‍കാന്‍ അനുവദിച്ചത്.

ജയില്‍ ഡി.ജി.പിയുടെ ശുപാര്‍ശ പ്രകാരം ജയില്‍ സുപ്രണ്ടിന്റെ വിവേചനാധികാരം ഉപയോഗിച്ചാണ് സന്ദര്‍ശകര്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. അവധി ദിവസങ്ങളില്‍ പോലും ദിലീപിനെ കാണാന്‍ സന്ദര്‍ശകരെ അനുവദിച്ചതായും രേഖകളില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഒരു ദിവസം 13 പേര്‍ വരെ ദിലീപിനെ സന്ദര്‍ശിച്ചതായും രേഖകളില്‍ വ്യക്തമാണ്.