നിയമം ലംഘിക്കുന്നവരെ സംരക്ഷിക്കില്ലെന്ന് കാനം

0
29


തിരുവനന്തപുരം: നിയമം ലംഘിക്കുന്നവരെ സംരക്ഷിക്കില്ല എന്നത് തന്നെയാണ് സിപിഐ നിലപാടെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തോമസ് ചാണ്ടിക്കെതിരെയുള്ള ആരോപണത്തിന്റെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്. ഇതിന്റെ റിപ്പോര്‍ട്ട് ലഭിക്കുന്ന സമയത്ത് ഉചിതമായ നടപടി ഉണ്ടാവും. ഇടതു മുന്നണിയെ ശക്തിപ്പെടുത്താനാണ് ജനജാഗ്രതാ യാത്ര നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

വെല്ലുവിളിക്കാന്‍ ആര്‍ക്കും ലൈസന്‍സ് ആവശ്യമില്ലെന്നും നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും കാനം വ്യക്തമാക്കി. ആലപ്പുഴയില്‍ ജനജാഗ്രതാ യാത്രയ്ക്ക് നല്‍കിയ സ്വീകരണത്തില്‍ അധ്യക്ഷം വഹിച്ച് സംസാരിച്ച മന്ത്രി തോമസ് ചാണ്ടി കാനത്തെ വേദിയിലിരുത്തി കൈയേറ്റം തെളിയിക്കാന്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരെ വെല്ലുവിളിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു കാനം.
സര്‍ക്കാര്‍ വിശദീകരണം ആവശ്യപ്പെട്ടാല്‍ ചാനലിലൂടെയല്ല മറുപടി പറയേണ്ടതെന്ന് എജിയുടെ പ്രതികരണം സൂചിപ്പിച്ച് കാനം നിലപാടറിയിച്ചു. ഭൂമി കയ്യേറ്റങ്ങള്‍ സംബന്ധിച്ച് റവന്യു വകുപ്പ് ഉചിതമായ നടപടികള്‍ സ്വീകരിക്കും. ഇതുവരെ ഇക്കാര്യത്തില്‍ വകുപ്പ് തന്നെയാണു നടപടി എടുത്തിട്ടുള്ളത്. ജനജാഗ്രതാ യാത്രയില്‍ ജാഥ അംഗങ്ങള്‍ പറയുന്ന സന്ദേശങ്ങളാണ് സ്വീകരിക്കേണ്ടത് എന്നാല്‍ വിവാദങ്ങളിലാണ് മാധ്യമങ്ങള്‍ക്ക് താല്‍പര്യമെന്നും കാനം പറഞ്ഞു.

ഏതെങ്കിലും കക്ഷിക്കോ വ്യക്തിക്കോ എതിരെ പ്രചാരണം നടത്താനും വെല്ലുവിളിക്കാനുമല്ല യാത്രയെന്ന് കാനം വിശദീകരിച്ചു. തോമസ് ചാണ്ടി പറഞ്ഞതിന്റെ ഔചിത്യവും അനൗചിത്യവും തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. അത് വേദിയില്‍ പറയേണ്ടതായിരുന്നോയെന്ന് അദ്ദേഹം ചിന്തിക്കണം. ജനജാഗ്രതാ യാത്രയില്‍ നിന്നു പി.വി.അന്‍വര്‍ എംഎല്‍എയെ മാറ്റി നിര്‍ത്തിയതു സിപിഎമ്മാണ്. എന്‍സിപി നേതാവായ തോമസ് ചാണ്ടി യാത്രയില്‍ പങ്കെടുത്തത് ആ പാര്‍ട്ടിയുടെ തീരുമാനമാണെന്നും കാനം പറഞ്ഞു.