ജിഎസ്ടി സ്ലാബ് പരിഷ്‌കരണം : സാധനങ്ങളുടെ വിലയില്‍ കുറവ് വരാന്‍ സാധ്യത

0
55

ന്യൂഡല്‍ഹി: നിത്യോപയോഗ സാധനങ്ങളുടെ ഉയര്‍ന്ന നിരക്കിലുള്ള ജിഎസ്ടി കുറച്ചേക്കും. നിലവില്‍ 28 ശതമാനം ജിഎസ്ടി സ്ലാബിലുള്ളവയുടെ നിരക്കാണ് കുറയ്ക്കുന്നത്. നികുതി നിരക്ക് കുറയുന്നതോടെ ഇവയുടെ ഉപഭോഗം കൂടും. ഈ ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട ചെറുകിട വ്യവസായങ്ങള്‍ക്ക് ഇത് കരുത്തുപകരുകയും തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.

ചെറുവ്യവസായ സംരംഭങ്ങളുടെ ചില ഉത്പന്നങ്ങള്‍ക്ക് നിലവില്‍ 28 ശതമാനം ജിഎസ്ടി ഈടാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ ഉത്പന്നങ്ങള്‍ക്ക് വിപണിയില്‍ കടുത്ത വെല്ലുവിളിയാണ് നേരിടേണ്ടിവരുന്നതെന്ന് വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു.

ഇലക്ട്രിക്കല്‍ ഫിറ്റിങ്‌സ്, സിമെന്റ്, സീലിങ് ഫാന്‍, വാച്ച്, വാഷിങ് മെഷീന്‍, റഫ്രിജറേറ്റര്‍, ഓട്ടോമൊബൈല്‍സ്, പുകയില ഉത്പന്നങ്ങള്‍, പോഷക പാനീയങ്ങള്‍, വാഹന ഭാഗങ്ങള്‍, പ്ലാസ്റ്റിക് ഫര്‍ണിച്ചര്‍, പ്ലൈവുഡ് തുടങ്ങിയവയ്ക്കുള്ള 28 ശതമാനം നികുതി നിരക്കാണ് പുനഃപരിശോധിക്കുന്നത്.

നവംബര്‍ 9,10 തിയതികളില്‍ ഗുവാഹട്ടിയില്‍ നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്യും.ആഢംബര ഉത്പന്നങ്ങളല്ലാത്തവ ഉയര്‍ന്ന ജിഎസ്ടി സ്ലാബില്‍ ഉള്‍പ്പെടുത്തുന്നതില്‍ ധനമന്ത്രാലയത്തിനും വിയോജിപ്പുണ്ട്.