ഭരണതലത്തില്‍ മലയാള ഭാഷയുടെ വ്യാപനം പൂര്‍ണ്ണമാക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

0
68

തിരുവനന്തപുരം: ഭരണതലത്തില്‍ മലയാള ഭാഷയുടെ വ്യാപനം പൂര്‍ണ്ണമാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാളം ഭരണഭാഷയാക്കാന്‍ അടിസ്ഥാനപരമായ നിയമനിര്‍മ്മാണം നടത്തേണ്ടി വന്നു എന്ന കാര്യം മലയാളികള്‍ വിസ്മരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണഭാഷാ വാരാഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം സെക്രട്ടറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

മാതൃഭാഷാ പഠനത്തില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ പിന്നോക്കം പോവുന്നു. അതിനാലാണ് മലയാള പഠനം നിര്‍ബന്ധമാക്കിയത്. നിയമം ആയെങ്കിലും ചട്ടങ്ങള്‍ ആയില്ല. മാതൃഭാഷ പഠിക്കാതെ ഉന്നത വിദ്യാഭ്യാസം കരഗതമാക്കാനുള്ള സാഹചര്യം ഇന്ത്യയില്‍ നിലനില്‍ക്കുന്നത് കേരളത്തില്‍ മാത്രമാണ്. അതുകൊണ്ടാണ് മലയാള പഠനം നിര്‍ബന്ധമാക്കിയത്.

മലയാളം ഭരണഭാഷയാക്കിയെങ്കിലും ഭരണഭാഷ പൂര്‍ണ്ണമായും മലയാളം ആയിട്ടില്ല. പക്ഷെ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട്. മലയാളം നിര്ബന്ധമാക്കുമ്പോഴും മറ്റു ഭാഷകളോട് നമുക്ക് വിപ്രതിപത്തിയില്ല. എളുപ്പത്തില്‍ മലയാളികള്‍ക്ക് മനസിലാവുന്ന ഭാഷ എന്ന രീതിയിലാണ് മലയാളം നിര്‍ബന്ധമാക്കിയത്. കഴിഞ്ഞ മേയ് ഒന്ന് മുതല്‍ ഭരണഭാഷ നിര്‍ബന്ധമാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. പക്ഷെ ആ രീതിയിലുള്ള വ്യാപനം പൂര്‍ണ്ണമായിട്ടില്ല.

കേന്ദ്ര സര്‍ക്കാരിലേക്ക് എഴുത്ത്കുത്തുകള്‍ വരുമ്പോള്‍ അതിനു ഇംഗ്ലീഷ് തന്നെ വേണം. ഹൈക്കോടതിയില്‍ ജഡ്ജിമാര്‍ എല്ലാവരും മലയാളികള്‍ ആയിക്കൊള്ളണം എന്നില്ല. അപ്പോഴും ഇംഗ്ലീഷ് വേണം. പക്ഷെ ഹൈക്കോടതി ഒഴിച്ചുള്ള മറ്റു കോടതികളില്‍ മലയാളം തന്നെ ഉപയോഗിക്കുന്ന സാഹചര്യം വരണം.

ഹൈക്കോടതി വജ്രജൂബിലി ആഘോഷവേളയില്‍ സമാപന ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്ത രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. ഹൈക്കോടതിയില്‍ ഏത് വിധിന്യായം വന്നാലും ജഡ്ജ്മെന്റ്റ് ഇറങ്ങി മൂന്നു ദിവസത്തിന്നുള്ളില്‍ അതിന്റെ തര്‍ജ്ജമ പ്രാദേശിക ഭാഷയില്‍ അതായത് മലയാളത്തില്‍ ലഭ്യമാക്കണം. രാഷ്ട്രപതിയുടെ സ്വാഗതാര്‍ഹമായ നിര്‍ദ്ദേശമാണിത്.

ഈ സര്‍ക്കാരിന്റെ കാലയളവില്‍ തന്നെ ഭരണഭാഷ എന്ന നിലയില്‍ മലയാളത്തിന്റെ വ്യാപനം പൂര്‍ണമാക്കും-മുഖ്യമന്ത്രി പറഞ്ഞു. ഭരണഭാഷാ വാരാഘോഷവുമായി ബന്ധപ്പെടുള്ള മലയാള വ്യാപനത്തിനുള്ള സര്‍ക്കാര്‍ പുരസ്ക്കാരങ്ങളും ചടങ്ങില്‍ മുഖ്യമന്ത്രി വിതരണം ചെയ്തു.