വ്യാപം തട്ടിപ്പു കേസില്‍ ശിവരാജ് സിങ് ചൗഹാന് ക്ലീന്‍ ചിറ്റ്

0
35

ഭോപ്പാല്‍: വ്യാപം പരീക്ഷാത്തട്ടിപ്പു കേസില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് ക്ലീന്‍ ചിറ്റ് നല്‍കി സിബിഐ. സിബിഐ കേസിന്റെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. സര്‍ക്കാര്‍ നിയമനങ്ങളും പ്രഫഷണല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് മധ്യപ്രദേശില്‍ നടന്ന ക്രമക്കേടാണ് വ്യാപം (മധ്യപ്രദേശ് പ്രൊഫഷണല്‍ എക്സാമിനേഷന്‍ ബോര്‍ഡ്) പരീക്ഷാത്തട്ടിപ്പു കേസ്.

490 പേര്‍ക്കെതിരെയുള്ള കുറ്റപത്രമാണ് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചത്. തട്ടിപ്പുമായി ബന്ധപ്പെട്ട് ചൗഹാനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും തെളിവുകള്‍ ലഭിക്കാത്തതാണ് അദ്ദേഹത്തിന്റെ പേര് കുറ്റപത്രത്തില്‍ പരാമര്‍ശിക്കാത്തതിന് കാരണം. കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത മൂന്ന് ഹാര്‍ഡ് ഡിസ്‌കുകളിലും ശിവരാജ് സിങ് ചൗഹാന്റെ പേര് പരാമര്‍ശിക്കുന്നതായി കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് സിബിഐ കോടതിയില്‍ അറിയിച്ചു.

മൂന്ന് വ്യാപം ഉദ്യോഗസ്ഥരുടെ പേരുകള്‍ മാത്രമാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 17 ഇടനിലക്കാരുടെയും ഗുണഭോക്താക്കളായ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പേരുകള്‍ കുറ്റപത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ തട്ടിപ്പു വാര്‍ത്ത പുറത്തുവന്നതോടെ ഇതുമായി ബന്ധപ്പെട്ട 30 പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതും വാര്‍ത്തയായിരുന്നു.