സ്വര്‍ണക്കടത്ത് പ്രതികള്‍ക്കൊപ്പം യൂത്ത് ലീഗ് പ്രസിഡന്റ് മുനവറി ശിഹാബ് തങ്ങളും

0
42


കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്കൊപ്പം യുഡിഎഫ് നേതാക്കള്‍ നില്‍ക്കുന്നതിന്റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തു വന്നു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവറലി ശിഹാബ് തങ്ങള്‍ക്കൊപ്പം കാരാട്ട് ഫൈസലും ഷഹബാസും നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ ഒന്നാം പ്രതിയായ ഷഹബാസും ഏഴാം പ്രതി കാരാട്ട് ഫൈസലും സംയുക്തമായി കൊടുവളളിയില്‍ തുടങ്ങിയ ജ്വല്ലറിയുടെ ഉദ്ഘാടനത്തിന് മുനവറലി ശിബാഹ് തങ്ങള്‍ എത്തിയപ്പോഴുള്ള ചിത്രങ്ങളാണിത്. ഇപ്പോള്‍ വിദേശത്തുളള മുനവറിലി ശിബാഹ് തങ്ങള്‍ ഈ വിഷയത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

കോടിയേരിയുടെ വിവാദ കാര്‍ യാത്രയോടെയാണ് രാഷ്ട്രീയ നേതാക്കള്‍ക്ക് സ്വര്‍ണക്കടത്ത് പ്രതികളുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വിവാദങ്ങള്‍ക്ക് തുടക്കമായത്. ഇടത് എം.എല്‍.എമാരായ പിടിഎ റഹീം, കാരാട്ട് റസാഖ് എന്നിവര്‍ക്കൊപ്പം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി അബുലൈസ് നില്‍ക്കുന്ന ചിത്രമാണ് ആദ്യം പുറത്തുവന്നത്. പിന്നീട് അബുലൈസിനൊപ്പം കോഴിക്കോട് ഡിസിസി പ്രസിഡണ്ട് ടി.സിദ്ദീഖും ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും നില്‍ക്കുന്ന ചിത്രങ്ങളും പുറത്തു വന്നിരുന്നു.

അതേസമയം, സിപിഎമ്മിനു പറ്റിയ വീഴ്ചയ്ക്ക് ഈ ചിത്രങ്ങള്‍ വച്ച് ന്യായീകരിക്കാന്‍ കഴിയില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ആരെങ്കിലും കൂടെ നിന്ന് ഫോട്ടോ എടുക്കുന്നതിന്റെ ഉത്തരവാദിത്തം ഏല്‍ക്കാനാകുമോയെന്നും കുഞ്ഞാലിക്കുട്ടി കണ്ണൂരില്‍ ചോദിച്ചു.

ഇടതു മുന്നണിക്കെതിരെ യുഡിഎഫ് ആയുധമാക്കിയ സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായുളള സൗഹൃദം യുഡിഎഫിനും തലവേദന സൃഷ്ടിക്കുകയാണിപ്പോള്‍.