ഇന്ത്യയില്‍ ഹിന്ദു തീവ്രവാദവുമുണ്ടെന്ന് കമല്‍ഹാസന്‍

0
49


ചെന്നൈ: ഇന്ത്യയില്‍ ഹിന്ദു തീവ്രവാദവുമുണ്ടെന്ന് നടന്‍ കമല്‍ഹാസന്‍. യുവാക്കളില്‍ ജാതിയുടെ പേരില്‍ വിദ്വേഷം കുത്തിവയ്ക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. എന്നാല്‍ ഇത്തരം ശക്തികളുടെ രാഷ്ട്രീയ വളര്‍ച്ച താത്ക്കാലികം മാത്രമാണ്. ദ്രാവിഡ സംസ്‌കാരത്തെ നശിപ്പിക്കുന്ന വര്‍ഗീയവത്കരണത്തെ കുറിച്ചുള്ള നിലപാട് ആരാഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിന് മറുപടിയായാണ് കമല്‍ഹാസന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

പ്രമുഖ തമിഴ് വാര്‍ത്താ വാരികയായ ആനന്ദവികടനിലെ പ്രതിവാര പംക്തിയിലാണ് കമലിന്റെ അഭിപ്രായപ്രകടനം. ഹിന്ദു തീവ്രവാദ ശക്തികളെ ചെറുത്തു തോല്‍പിക്കുന്നതില്‍ കേരളം മാതൃകയാണെന്നും മുന്‍ കാലങ്ങളില്‍ യുക്തികൊണ്ട് മറുപടി പറഞ്ഞിരുന്നവര്‍ ഇന്ന് ആയുധങ്ങള്‍ കൊണ്ടാണ് പ്രതികരിക്കുന്നതെന്നും കമല്‍ അഭിപ്രായപ്പെട്ടു. ഹിന്ദു തീവ്രവാദി എവിടെയെന്ന ചോദ്യത്തിന് അവര്‍തന്നെ ഉത്തരം നല്‍കിയിരിക്കുകയാണ്. സിനിമാ താരങ്ങളെ പോലും ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നതിലൂടെ എത്രമാത്രം വിഷമാണ് പ്രചരിപ്പിക്കുന്നതെന്ന് മനസിലാക്കാമെന്നും ബിജെപി നേതാവ് എച്ച്.രാജയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് കമല്‍ഹാസന്‍ പറയുന്നു.

അതേസമയം, വിവാദ പ്രസ്താവന പിന്‍വലിച്ച് കമല്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബിജെപി നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. ഹിന്ദു ഭൂരിപക്ഷം ഉള്ളതുകൊണ്ടാണ് രാജ്യത്ത് സമാധാനം നിലനില്‍ക്കുന്നതെന്നും ബിജെപി നേതാവ് നാരായണന്‍ തിരുപ്പതി പറഞ്ഞു. കമലിന്റെ പ്രസ്താവനയ്‌ക്കെതിരെ ശിവസേനയും രംഗത്തെത്തിയിട്ടുണ്ട്.