മളകന്ഗിരി: പതിവുപോലെ ഉറക്കമുണര്‍ന്ന ദശരഥ് പധിയാമി തനിക്കൊപ്പം കിടക്കുന്നയാളെ കണ്ട് ഞെട്ടി. 12 അടി നീളവും 500 കിലോ ഭാരവുമുള്ള ഒരു ഭീമന് മുതലയായിരുന്നു യുവാവിനൊപ്പം കിടന്നത്. ഒഡീഷയിലെ മളകന്ഗിരി ബ്ലോക്കിലെ മുന്‍സ എന്ന ഗ്രാമത്തിലാണ് സംഭവം.
മുതല അടുത്ത് കിടക്കുന്നത് മനസിലാക്കിയ ദശരഥ് ഉടന്‍ തന്നെ ഭാര്യയെ വിളിച്ച് വീട്ടിനു പുറത്തേക്ക് കടന്നു. ഈ സമയം ഇവരുടെ കുട്ടികള്‍ അടുത്ത മുറിയില്‍ കിടന്നുറങ്ങുന്നുണ്ടായിരുന്നു. എന്നാല്‍ അവര്‍ക്ക് മുതല കിടക്കുന്ന റൂം താണ്ടി വരണം എന്നതിനാല്‍ അവരെ പുറത്തെത്തിക്കാന്‍ സാധിച്ചില്ല.
വീടിനു പുറത്തിറങ്ങിയ ദശരഥും ഭാര്യയും നിലവിളിച്ചു. ഇവരുടെ നിലവിളികേട്ടെത്തിയ നാട്ടുകാര്‍ വീടിന്റെ പിന്‍ഭാഗത്തെ ആസ്ബറ്റോസ് പൊളിച്ചാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. ഗ്രാമവാസികള്‍ അറിയച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മുതലയെ പിടികൂടി.
ഗ്രാമത്തില്‍ നിന്ന് 60 കിലോമീറ്റര്‍ അപ്പുറമുള്ള തടാകത്തില്‍ മുതലയെ എത്തിക്കാനാണ് വനംവകുപ്പ് തീരുമാനം. എന്നാല്‍ ഈ ഗ്രാമത്തില്‍ ആദ്യമായാണ് ഇത്രയും വലിയ മുതലയെ കാണപ്പെടുന്നതെന്ന് ഗ്രാമീണര്‍ പറഞ്ഞു.