ഉള്ളി, പച്ചക്കറി വില കുതിക്കുന്നു; വിപണിയില്‍ ഇടപെടാന്‍ കഴിയാതെ ഹോര്‍ട്ടികോര്‍പ്സ്

0
527

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില റോക്കറ്റ് പോലെ കുതിക്കുന്നു. സവാളയ്ക്കും ചെറിയ ഉള്ളിക്കുമാണ് വില നിലവാരത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്. സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് സവാളയ്ക്കും ചെറിയ ഉള്ളിക്കും അനുഭവപ്പെടുന്നത്. നിലവില്‍ ചെറിയ ഉള്ളിവില 130 രൂപയ്ക്ക് മുകളിലാണ്. ചെറിയ ഉള്ളിക്ക് മൂന്ന് മാസത്തിനിടെ 40 രൂപയാണ് കൂടിയത്. സവോള വില 60 കടക്കുകയുമാണ്. 18 രൂപയുണ്ടായിരുന്ന സവാള വിലയാണ് 60 രൂപയിലേക്ക് പോകുന്നത്. ഒപ്പം നാളികേരത്തിനും വെളിച്ചെണ്ണയ്ക്കും വില ഉയരുകയാണ്.

കര്‍ണാടകത്തില്‍ കൃഷി മോശമായതിനാല്‍ മഹാരാഷ്ട്രയില്‍ നിന്നാണ് സവാള വരുന്നത്. ഇതും വില ഉയരാന്‍ കാരണമാകുന്നു. കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് ചെറിയ ഉള്ളി കേരളത്തില്‍ എത്തുന്നത്. കൃഷിനാശം കാരണം വില നിലവാരം വീണ്ടും ഉയരുകയുമാണ്. പച്ചക്കറി വിലയും മുകളിലേക്കാണ്.

തക്കാളി വില 50 രൂപയ്ക്കടുത്താണ്. വെണ്ട, ഏത്തന്‍ തുടങ്ങി സര്‍വ സാധനങ്ങള്‍ക്കും വില ഉയരുകയുമാണ്. പച്ചക്കറി വരുന്ന തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് പ്രദേശങ്ങളില്‍ മഴ , കൃഷിനാശം. അപ്പോള്‍ മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു.വില ഉയരുന്നു. വ്യാപാരികള്‍ പറയുന്നു.

ഓണത്തിനു ഇടത് സര്‍ക്കാര്‍ വിപണിയില്‍ നേരിട്ട് ഇടപെട്ടു. വില നല്ല രീതിയില്‍ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞു. സപ്ലൈകോയും വിപണി ഇടപെടല്‍ കാര്യക്ഷമാക്കി വില പിടിച്ചു നിര്‍ത്തി. ഇപ്പോള്‍ സര്‍ക്കാരിന്റെയും സപ്ലൈകോയുടെയും വിപണി ഇടപെടല്‍ നിലവിലില്ല.

പച്ചക്കറി വില പിടിച്ചു നിര്‍ത്തേണ്ട ഹോര്‍ട്ടികോര്‍പ്സും നിസ്സഹായരാണ്. കാരണം ഫണ്ടില്ല. വിപണിയില്‍ ഇടപെടേണ്ട കാര്യം തിരക്കിയപ്പോള്‍ പലവ്യഞ്ജനങ്ങളുടെ വില നിലവാരം ഉയരുമ്പോഴൊക്കെ തങ്ങള്‍ വിപണിയില്‍ ഇടപെട്ടതായി സപ്ലൈകോ ചെയര്‍മാനും മാനേജിംഗ് ഡയരക്ടറുമായ് മുഹമ്മദ്‌ ഹനീഷ് 24 കേരളയോട് പറഞ്ഞു. ഇപ്പോള്‍ വില ഉയരുന്നത് പച്ചക്കറിക്കാണ് ആ കാര്യം നോക്കേണ്ടത് ഹോര്‍ട്ടികോര്‍പ്സ് ആണ്. മുഹമ്മദ് ഹനീഷ് പറയുന്നു.

എന്നാല്‍ തങ്ങളുടെ കയ്യില്‍ ആവശ്യത്തിനു ഫണ്ടില്ലാ എന്നാണ് ഹോര്‍ട്ടികോര്‍പ്സ് ചെയര്‍മാന്‍ വിനയന്‍ 24 കേരളയോട് പറഞ്ഞത്. ഓണത്തിനു തങ്ങള്‍ നല്ല രീതിയില്‍ വിപണിയില്‍ ഇടപെട്ടു. ഇപ്പോള്‍ വിപണിയില്‍ നേരിട്ട് ഇടപെടാന്‍ മാത്രം ഞങ്ങളുടെ കയ്യില്‍ ഫണ്ടില്ല. ഫണ്ടിന്റെ അപര്യാപ്തത രൂക്ഷമാണ്.

ബജറ്റില്‍ 30 കോടി രൂപ തങ്ങള്‍ക്ക് വക കൊള്ളിച്ചിട്ടുണ്ട്. ആ തുക ലഭിച്ചിട്ടില്ല. ആ തുക ലഭിച്ചാല്‍ നിലവിലെ വില നിലവാരം പിടിച്ചു നിര്‍ത്താന്‍ ഇടപെടല്‍ നടത്താമായിരുന്നു. സര്‍ക്കാര്‍ ആവശ്യത്തിനു ഫണ്ട് നല്‍കണം. അത് പലപ്പോഴും ലഭ്യമല്ല. ഇപ്പോള്‍ ബജറ്റില്‍ പ്രഖ്യാപിച്ച 30 കോടി രൂപ ലഭിക്കാന്‍ ഞങ്ങള്‍ അടിയന്തിര ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അത് ലഭിച്ചാല്‍ വിപണിയില്‍ ഇടപെടും. പിന്നെ വിലനിലവാരം പിടിച്ചു നിര്‍ത്തുന്ന കാര്യത്തില്‍ ഞങ്ങള്‍ മാത്രം വിചാരിച്ചിട്ട് കാര്യമില്ല. സര്‍ക്കാര്‍ ഇടപെടല്‍ കൂടി കാര്യക്ഷമമാകണം. സര്‍ക്കാര്‍ പല ഇനങ്ങള്‍ക്കും വില തീരുമാനിക്കണം. അതില്‍ നിന്ന് വില ഉയരുമ്പോള്‍ വിലനിലവാരം പിടിച്ചു നിര്‍ത്താന്‍ ഫണ്ട് അനുവദിക്കണം. എന്നാലേ വിപണി ഇടപെടല്‍ കാര്യക്ഷമമായി നടക്കുകയുള്ളൂ-വിനയന്‍ പറഞ്ഞു.

സര്‍ക്കാര്‍ ഏജന്‍സികള്‍ കൈമലര്‍ത്തുകയാണെങ്കിലും വിപണിയില്‍ വില കുതിക്കുകയാണ്. ഹോര്‍ട്ടി കോര്‍പ്സ് ചെയര്‍മാന്‍ വിനയന്‍ പറയുന്നതുപോലെ സര്‍ക്കാര്‍ ഇടപെടല്‍ വന്നാലേ കാര്യക്ഷമമായി വിലനിലവാരം പിടിച്ചു നിര്‍ത്താന്‍ കഴിയൂ. വിലനിലവാരം ഉയര്‍ന്നതോടെ അടുക്കള ബജറ്റ് താളം തെറ്റിയിരിക്കുകയാണ്. വിലക്കയറ്റത്തില്‍ കണ്ണ് നനയുന്നത് സാധാരണക്കാരന്‍റെതാണ്. അതുകൊണ്ട് തന്നെ കാര്യക്ഷമായ ഇടപെടല്‍  സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തിരമായി ഉണ്ടാകേണ്ടിയിരിക്കുന്നു.