കായല്‍ കൈയേറ്റം; സുധാകര്‍ റെഡ്ഡിക്ക് മറുപടിയുമായി തോമസ് ചാണ്ടി

0
42

തിരുവനന്തപുരം: അഴിമതിക്കാര്‍ക്ക് ഇടതുപക്ഷ സര്‍ക്കാരില്‍ സ്ഥാനമില്ലെന്ന് പറഞ്ഞ സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിക്ക് മറുപടിയുമായി മന്ത്രി തോമസ് ചാണ്ടി. ഒന്നാമത്തെ അഴിതിക്കാരന്‍ അദ്ദേഹമായിരിക്കുമെന്നും തനിക്ക് അഴിമതി നടത്തേണ്ട കാര്യമില്ലെന്നും തോമസ് ചാണ്ടി പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 12 കോടി രൂപ പാവങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ജനജാഗ്രതാ യാത്രിലെ പ്രസംഗം തന്നെ കുഴപ്പത്തിലാക്കിയിട്ടില്ലെന്നും തോമസ് ചാണ്ടി കൂട്ടിച്ചേര്‍ത്തു.

തോമസ് ചാണ്ടി അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് നേരത്തെ സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പറഞ്ഞിരുന്നു. നടപടിക്ക് റവന്യൂ മന്ത്രി ശുപാര്‍ശ ചെയ്തിട്ടുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരില്‍ അഴിമതിക്ക് സ്ഥാനമില്ലെന്നും ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും സുധാകര്‍ റെഡ്ഡി വ്യക്തമാക്കിയിരുന്നു. ഇതിനുള്ള മറുപടിയുമായാണ് തോമസ് ചാണ്ടി രംഗത്തെത്തിയത്.

കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചതിനാണ് തോമസ് ചാണ്ടിക്കെതിരെ സിപിഐ നടപടിക്കൊരുങ്ങുന്നത്. നേരത്തെ ഇതേ വിഷയത്തില്‍ സിപിഎമ്മും കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ഇക്കാര്യം തിങ്കളാഴ്ച്ച സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യുമെന്നും സിപിഎം അറിയിച്ചിട്ടുണ്ട്.

സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ചാണ്ടിയെ ശാസിച്ചു. മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ തോമസ് ചാണ്ടിയെ തന്റെ മുറിയില്‍ വിളിച്ചു വരുത്തിയാണ് ശാസിച്ചത്. പ്രശ്നം പരിഹരിക്കാനും പഠിക്കാനുമാണ് തന്റെ ശ്രമം. അതിനിടെയില്‍ സ്വയം കുഴി കുത്തുകയാണോ എന്നും മുഖ്യമന്ത്രി രൂക്ഷമായി ചോദിച്ചു. രണ്ടു മിനിറ്റോളം സമയമാണ് മുഖ്യമന്ത്രി തോമസ് ചാണ്ടിയോടു സംസാരിച്ചത്. തോമസ് ചാണ്ടിയുടെ നിലപാടിലുള്ള അതൃപ്തിയും മുഖ്യമന്ത്രി അറിയിച്ചു

കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ ജനജാഗ്രത യാത്രക്ക് നല്‍കിയ സ്വീകരണ ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുമ്പോഴാണ് മന്ത്രി തോമസ് ചാണ്ടി തനിക്കെതിരെ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചത്. ജാഥാ ക്യാപ്റ്റന്‍ കാനം രാജേന്ദ്രന്റെ സാന്നിധ്യത്തിലെ പ്രസംഗത്തില്‍, കയ്യേറ്റം തെളിയിക്കാനാണ് തോമസ് ചാണ്ടി പറഞ്ഞത്.