കോണ്‍ഗ്രസ് പാര്‍ട്ടി ലാഫിങ് ക്ലബാണെന്ന് മോദി

0
33

ഷിംല: കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോള്‍ ഒരു ‘ലാഫിങ് ക്ലബ്ബാ’യി മാറിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിഹാസം. അഴിമതിയില്ലാത്ത കളകറഞ്ഞ ഭരണം ഉറപ്പുനല്‍കി അധികാരത്തിലേറിയ കോണ്‍ഗ്രസ് മുഖ്യമന്ത്രി തന്നെ കോഴ ആരോപണത്തില്‍പ്പെട്ടിരിക്കുകയാണ്. ദേവഭൂമിയായ ഹിമാചല്‍ പ്രദേശിനെ രാക്ഷസന്മാരുടെ കയ്യില്‍നിന്നു രക്ഷിക്കേണ്ട സമയം വന്നിരിക്കുകയാണെന്നും മോദി പറഞ്ഞു. ഹിമാചല്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതി ഇല്ലാതാക്കുമെന്ന് പ്രകടന പത്രികയിലൂടെ ഉറപ്പുനല്‍കിയ മുഖ്യമന്ത്രി വീരഭദ്ര സിങ്ങാണ് കോഴയാരോപണം നേരിടുന്നതെന്ന കാര്യം നിങ്ങള്‍ക്കു വിശ്വസിക്കാന്‍ കഴിയുമോ. കോണ്‍ഗ്രസ് ഒരു ലാഫിങ് ക്ലബ് ആയി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രി സ്വയം ജാമ്യത്തില്‍ നടക്കുന്നയാളാണ്. കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ഒരു ശുചിത്വ യജ്ഞത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. രാജ്യത്ത് എവിടെയൊക്കെ തെരഞ്ഞെടുപ്പു വരുന്നുണ്ടോ അവിടെയെല്ലാം ഈ പഴയ പാര്‍ട്ടിയെ (കോണ്‍ഗ്രസ്) തുടച്ചുമാറ്റുന്നതിനാണ് ശ്രമം. ഹിമാചലിനെ കവര്‍ച്ചക്കാരില്‍നിന്നു രക്ഷിക്കേണ്ട സമയം എത്തിയിരിക്കുകയാണെന്നും മോദി പറഞ്ഞു.

ദോക്ലായിലെ അതിര്‍ത്തി സംഘര്‍ഷവുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് നിലപാടിനെയും മോദി വിമര്‍ശിച്ചു. പ്രശ്നം കൈകാര്യം ചെയ്തത് എങ്ങനെയാണെന്നതു രാജ്യം മുഴുവന്‍ സാക്ഷ്യം വഹിച്ചതാണ്. കോണ്‍ഗ്രസും ഇതു ചോദ്യം ചെയ്തു രംഗത്തെത്തിയിരുന്നു. ദശാബ്ദങ്ങളോളം ഇന്ത്യ ഭരിച്ച കുടുംബത്തിലെ ഒരാള്‍ നമ്മുടെ സൈന്യത്തെയും ഏജന്‍സികളേയും വിശ്വാസിലെടുത്തില്ല. അതിനുപകരം ചൈനയിലെ നയതന്ത്ര ഉദ്യോഗസ്ഥരെ കണ്ട് ദോക്ലായെക്കുറിച്ചു ചര്‍ച്ച നടത്തുകയായിരുന്നുവെന്ന് രാഹുല്‍ ഗാന്ധിയെ ലക്ഷ്യം വച്ച് മോദി പറഞ്ഞു.

ദോക്ലാം സംഘര്‍ഷസമയത്ത് രാഹുല്‍ ഗാന്ധി ചൈനീസ് അംബാസഡര്‍ ലുവോ സാവോഹുയെ കണ്ടതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 68 അംഗ നിയമസഭയിലേക്ക് ഈ മാസം ഒന്‍പതിനാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 18നാണ് വോട്ടെണ്ണല്‍.