ഗെയില്‍ പൈപ്പ്‌ലെയ്ന്‍; പദ്ധതിക്കെതിരെയുള്ളത് കുപ്രചാരമെന്ന് എം.വിജു

0
39

മുക്കം: ഗെയില്‍ പൈപ്പ്ലൈന്‍ പദ്ധതി നടപ്പാക്കുക തന്നെ ചെയ്യുമെന്ന് ഡിജിഎം എം.വിജു. ഗെയില്‍ പൈപ്പ്ലൈന്‍ പദ്ധതിയില്‍ നിന്ന് ഒരിക്കലും പിന്നോട്ട് പോകില്ല. പദ്ധതിക്കെതിരെയുള്ളത് കുപ്രചാരമാണെന്നും വിജു പറഞ്ഞു. മുക്കത്ത് പ്രശ്നം സങ്കീര്‍ണമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ പിന്തുണ ഗെയിലിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഗെയില്‍ പൈപ്പ്ലൈന്‍ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മുക്കത്ത് ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്. എരഞ്ഞിമാവില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍വേ നടത്താനെത്തിയ ഉദ്യോഗസ്ഥരുടെ വാഹനം സമരക്കാര്‍ അക്രമിച്ചതോടെ ഇന്നലെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരുന്നു.

വൈകിട്ട് മുക്കം പോലീസ് സ്റ്റേഷന് മുന്നില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം നഗരത്തിന്റെ മറ്റു മേഖലകളിലേക്കും വ്യാപിച്ചു. പ്രതിഷേധക്കാര്‍ പോലീസ് വാഹനം തല്ലിത്തകര്‍ത്തു. സംഘര്‍ഷം രൂക്ഷമായതോടെ പോലീസ് നാട്ടുകാര്‍ക്ക് നേരെ ഗ്രനേഡ് ഉപയോഗിച്ചു. ചിതറിയോടിയ പ്രതിഷേധക്കാര്‍ പലയിടത്തും പോലീസിനു നേരെ തിരിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. കല്ലേറില്‍ മാധ്യമപ്രവര്‍ത്തകന് പരിക്കേറ്റു.

പോലീസ് അറസ്റ്റ് ചെയ്തവരെ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് എം.ഐ ഷാനവാസ് എം.പി, മുന്‍ എം.എല്‍.എ മോയിന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ സമരസമിതി പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷനുമുന്നില്‍ ഉപവാസമിരുന്നു. അതിനിടെ സമരക്കാരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ വലിയ സംഘര്‍ഷമായി മാറുകയായിരുന്നു.ഇതേത്തുടര്‍ന്നാണ് ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.