ഗെയില്‍ വിരുദ്ധ പ്രക്ഷോഭം; മുക്കത്ത് വീണ്ടും സംഘര്‍ഷം

0
52

മുക്കം: മുക്കത്ത് വീണ്ടും സംഘര്‍ഷം. ഗെയില്‍ വിരുദ്ധ പ്രക്ഷോഭത്തെ തുടര്‍ന്ന് ഹര്‍ത്താല്‍ നടത്തുന്ന മുക്കത്തെ എരഞ്ഞിമാവ് പ്രദേശത്താണ് വീണ്ടും സംഘര്‍ഷമുണ്ടായത്. ഹര്‍ത്താലിനെ തുടര്‍ന്ന് സമരസമിതി റോഡ് ഉപരോധിക്കുകയും ടയറുകള്‍ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തിരുന്നു. ഇത് മാറ്റാന്‍ പൊലീസെത്തിയതോടെയാണ് വീണ്ടും സംഘര്‍ഷമുണ്ടായത്. പൊലീസിന് നേരെ കല്ലേറുണ്ടായതോടെ സമരക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശി. എരഞ്ഞിമാവിനടുത്ത് ഗോതമ്പ്റോഡിലാണ് പൊലീസ് ലാത്തിവീശിയത്.

പ്രതിഷേധക്കാരെ നേരിടാനായി റോഡുകളിലും ഊടുവഴികളിലും വീടുകള്‍ കേന്ദ്രീകരിച്ചും പൊലീസുകാര്‍ തെരച്ചില്‍ നടത്തി.

ജനവാസ മേഖലകളിലൂടെ ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനെതിരെ എരഞ്ഞിമാവില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി സമരം നടന്നുവരികയായിരുന്നു. ഇന്ന് രാവിലെ എരഞ്ഞിമാവ് ഗെയില്‍ പദ്ധതി പ്രദേശത്ത് പൊലീസും സമരക്കാരും ഏറ്റുമുട്ടി. സമരക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് പലതവണ ഗ്രനേഡ് പ്രയോഗിച്ചു. പൊലീസ് ലാത്തിചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തെ തുടര്‍ന്ന് 200 ഓളം പൊലീസുകാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും വ്യക്തമായ ഉറപ്പുലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് പ്രക്ഷോഭകര്‍.