ഗെയില്‍ വിരുദ്ധ സമിതിക്കാരാണ് സംഘര്‍ഷമുണ്ടാക്കിയതെന്ന് പൊലീസ്

0
36

മുക്കം: മുക്കം പൊലീസ്  സ്റ്റേഷന് മുന്നില്‍ ഇന്നലെ നടന്ന ആക്രമണം ആസൂത്രിതമെന്ന് പൊലീസ്.മുക്കം എരഞ്ഞിമാവില്‍ നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് സംഘര്‍ഷമുണ്ടാക്കിയത് പുറത്തുനിന്ന് വന്ന ഗെയില്‍ വിരുദ്ധ സമിതിക്കാരെന്ന് പൊലീസ്. മലപ്പുറത്തെ കീഴുപറമ്പില്‍ നിന്നുള്‍പ്പെടെ ആളുകള്‍ എത്തിയിട്ടുണ്ടെന്ന് റൂറല്‍ ജില്ലാ പൊലീസ് മേധാവി പുഷ്‌കരന്‍ പറഞ്ഞു.

സ്റ്റേഷന്‍ ആക്രമിക്കുമെന്ന മുന്നറിയിപ്പ് ഉണ്ടായതിനെ തുടര്‍ന്നാണ് പൊലീസ് ലാത്തി വീശിയതെന്നു വടകര റൂറല്‍ എസ്പി എം കെ പുഷ്ക്കരന്‍ പറഞ്ഞു. ലാത്തിച്ചാര്‍ജ്ജില്‍ പ്രതിഷേധിച്ച്‌ ഇന്ന് മുക്കത്ത് സമരക്കാര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

അക്രമമുണ്ടായപ്പോള്‍ അവര്‍ രക്ഷപ്പെട്ടു. ഇതില്‍ പങ്കാളികളായ നാട്ടുകാരാണ് പിടിയിലായവര്‍ കുടുതലും. പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ളവരാണ് നേതൃത്വം നല്‍കിയത്. ആളുകളെ ഭയവിഹ്വലരാക്കി തെറ്റിദ്ധാരണ ഉണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. ഗെയിലിന്റെ ഉദ്യോഗസ്ഥരെ മര്‍ദിച്ചവരെ വെറുതേ വിടണമെന്നാവശ്യപ്പെട്ട് സ്റ്റേഷന്‍ ഉപരോധിച്ചപ്പോള്‍ പ്രശ്‌നമുണ്ടാക്കി കാര്യങ്ങള്‍ വഴി തിരിച്ചുവിടുകയാണ് അവരുടെ ഉദ്ദേശ്യമെന്നാണ് മനസ്സിലാവുന്നത്. ശക്തമായ നടപടിയുമായി മുന്നോട്ടു പോവും. സര്‍വേയ്ക്ക് പൊലീസ് സംരക്ഷണം നല്‍കുമെന്നും പൊലീസ് അറിയിച്ചു.

ഇപ്പോള്‍ 21 പേരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. 21 പേര്‍ കരുതല്‍ തടങ്കലിലാണ്. പൊതുമുതല്‍ നശിപ്പിക്കല്‍, വധശ്രമം ഉള്‍പ്പെടെയാണ് അറസ്റ്റിലായവര്‍ക്കെതിരേ ചുമത്തിയ കുറ്റം.