തലകുനിക്കാതെ വിട; നെഹ്‌റയ്ക്ക് കൈയടിച്ച് താരങ്ങളും ആരാധകരും

0
58

ഡല്‍ഹി : അവസാന മത്സരത്തിലും ആര്‍ക്കും മുന്നില്‍ തല കുനിക്കാതെ ആശിഷ് നെഹ്‌റ. ന്യൂസിലാന്‍ഡിനെതിരായ ട്വന്റി-20 മല്‍സരത്തിനിടയില്‍ നിലത്തു കുനിയുകപോലും ചെയ്യാതെയാണ് നെഹ്റ പന്ത് കൈക്കലാക്കിയത്. ചാഹല്‍ എറിഞ്ഞ 17ാം ഓവറിലായിരുന്നു സംഭവം.

ന്യൂസിലാന്‍ഡ് താരമായ ടിം സൗത്തി പിറകിലേക്ക് അടിച്ച പന്ത് ബൗണ്ടറിക്ക് തൊട്ടടുത്ത് എത്തിയെങ്കിലും നെഹ്റ പന്ത് കാല്‍ വെച്ച് തടയുകയായിരുന്നു. എന്നാല്‍ തൊട്ടടുത്ത നിമിഷം പന്ത് നെഹ്റയുടെ കൈകള്‍ക്കുളളില്‍ എത്തുകയായിരുന്നു. ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയുള്‍പ്പെടെയുള്ള ഇന്ത്യന്‍ ടീം അംഗങ്ങള്‍ ആര്‍പ്പുവിളിയോടെയാണ് നെഹ്റയുടെ ഫീല്‍ഡിംഗിനെ വരവേറ്റത്. ആര്‍ത്തുവിളിച്ച കാണികളും നെഹ്റയെ അഭിനന്ദിച്ചു.

അവസാന മത്സരത്തില്‍ വിജയത്തോടെ മടങ്ങാന്‍ സാധിച്ചു എന്ന സന്തോഷത്തോടെയാണ് നെഹ്റ മടങ്ങുന്നത്. തന്റെ പ്രായവും പരിചയ സമ്പത്തും യുവ താരങ്ങള്‍ക്ക് പകര്‍ന്നു നല്‍കുന്ന നെഹ്റയുടെ സാന്നിദ്ധ്യം പലപ്പോഴും ധോണിക്കും കൊഹ്ലിക്കും ആശ്വാസമായിരുന്നു. അവസാന ഓവറുകളില്‍ ഫീല്‍ഡ് സെറ്റു ചെയ്യുന്നതിലും എങ്ങനെ പന്തെറിയണമെന്ന് ബൗളര്‍മാര്‍ക്ക് ഉപദേശം നല്‍കുന്നതിലും നെഹ്റ കാട്ടിയ പക്വതയും ശ്രദ്ധേയമാണ്.

ന്യൂസിലാന്റിനെതിരായി ഇന്നലെ നടന്ന മത്സരം ഏഴ് വിക്കറ്റിന് ഇന്ത്യ ജയിച്ചിരുന്നു. ശിഖര്‍ ധവാന്റേയും രോഹിത് ശര്‍മ്മയുടേയും വെടിക്കെട്ട് ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ ബലത്തിലാണ് ഇന്ത്യ കിവിസിനെ പരാജയപ്പെടുത്തിയത്. ഇരുവരും ചേര്‍ന്ന് 158 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. നിശ്ചിത ഓവറില്‍ മൂന്നിന് 202 എന്ന മികച്ച ലക്ഷ്യമാണ് ഇന്ത്യന്‍ ടീം കിവീസിനു മുന്നിലുയര്‍ത്തിയത്. 80 റണ്‍സ് വീതമെടുത്ത ധവാനും രോഹിതുമാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍മാര്‍.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസിന് തുടക്കത്തില്‍ തന്നെ പാളുകയായിരുന്നു. 28 റണ്‍സെടുത്ത ക്യപ്റ്റന്‍ വില്യംസണും 39 എടുത്ത ലാഥവുമാണ് കിവീസിന്റെ ടോപ്പ് സ്‌കോറര്‍മാര്‍. ഇന്ത്യയ്ക്കായി ചഹലും അക്സര്‍ പട്ടേലും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ അവസാന മത്സരത്തിനിറങ്ങിയ നെഹ്റയ്ക്ക് വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ല. ഭുവനേശ്വറിനും ബുംറയ്ക്കും ഓരോ വിക്കറ്റുകള്‍ വീതമുണ്ട്. ഇരുപത് വര്‍ഷം നീണ്ട കരിയര്‍ ജീവിതം അവസാനിപ്പിച്ചാണ് ഇന്ന് ആശിഷ് നെഹ്റ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.