ഇസ്ലലാമാബാദ്: പാകിസ്താനിലെ 20 ഭീകര സംഘടനകളുടെ പട്ടിക അമേരിക്ക പാകിസ്താനു കൈമാറി. പാകിസ്താനെതിരെയുള്ള ഇന്ത്യയുടെ ആരോപണങ്ങള്‍ക്ക് ബലം പകരുന്നതാണ് യുഎസ് നീക്കം.
ഹഖാനി നെറ്റ്വര്‍ക്കാണ് പട്ടികയില്‍ ഒന്നാമത്. ലഷ്കറെ ത്വയ്ബ, ജയ്ഷെ മുഹമ്മദ്, ഹര്‍ക്കത്തുല്‍ മുജാഹിദീന്‍ തുടങ്ങിയ ഭീകരഗ്രൂപ്പുകളും പട്ടികയിലുണ്ട്. മൂന്നുതരം ഭീകരസംഘടനകളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. അഫ്ഗാനിസ്ഥാനില്‍ ആക്രമണം നടത്തുന്നവര്‍, പാകിസ്താനെ ലക്ഷ്യമിടുന്നവര്‍, കശ്മീരില്‍ ആക്രമണം ആസൂത്രണം ചെയ്യുന്നവര്‍ എന്നിങ്ങനെയാണ് സംഘടനകളെ തിരിച്ചിരിക്കുന്നതെന്നു ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വടക്കുപടിഞ്ഞാറന്‍ പാകിസ്താന് കേന്ദ്രമാക്കിയ ഹഖാനി നെറ്റ്വര്‍ക്ക് അഫ്ഗാനിസ്ഥാന് എതിരായാണ് പ്രവര്‍ത്തിക്കുന്നത്. ഹര്‍ക്കത്തുല്‍ മുജാഹിദീന്‍, ജയ്ഷെ മുഹമ്മദ്, ലഷ്കറെ ത്വയ്ബ എന്നിവര്‍ ഇന്ത്യയെ മാത്രം ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനം. കശ്മീര്‍ കേന്ദ്രീകരിക്കുന്ന ഹര്‍ക്കത്തുല്‍ മുജാഹിദീന്‍ ഉസാമ ബിന്‍ ലാദന്റെ അല്‍ഖ്വായിദയുമായി നല്ല ബന്ധമുണ്ട്. കശ്മീര്‍ തന്നെയാണ് ജയ്ഷെയുടെയും മുഖ്യകേന്ദ്രം.
ദക്ഷിണേഷ്യയിലെ ഏറ്റവും വലുതും സജീവവുമായ ഭീകരസംഘടനയായി യുഎസ് വിലയിരുത്തുന്നത് ലഷ്കറെ ത്വയ്ബയെയാണ്. 1987ല്‍ ഹാഫിസ് സയീദ്, അബ്ദുല്ല അസാം, സഫര്‍ ഇക്ബാല്‍ എന്നിവര്‍ അഫ്ഗാനിസ്ഥാനില്‍ സ്ഥാപിച്ചതാണ് ലഷ്കറെ ത്വയ്ബ. പഞ്ചാബ് പ്രവിശ്യയിലെ മുറിദ്കേ ആണ് ആസ്ഥാനം. കശ്മീരിനെയും ഇവര്‍ ലക്ഷ്യമിടുന്നു. 2001ലെ പാര്‍ലമെന്റ് ആക്രമണത്തിലും 2008ലെ മുംബൈ ഭീകരാക്രമണത്തിലും ലഷ്കറിന് പങ്കുണ്ട്.
പാകിസ്താനിലെ ആസൂത്രിത കൊലപാതകങ്ങളിലും വലിയ ഭീകരാക്രമണങ്ങളിലും ലഷ്കറിന്റെ കൈകളുണ്ട്. തെഹ്രീക് താലിബാന്റെ (ടിടിപി) കീഴില്‍ നിരവധി ചെറുസംഘങ്ങളുണ്ട്. ഇപ്പോള്‍ അഫ്ഗാനിസ്ഥാനാണ് ടിടിപിയുടെ പ്രവര്‍ത്തന കേന്ദ്രം. അഫ്ഗാനിലെ നാറ്റോ സേനയ്ക്കെതിരെയും പാകിസ്താനുള്ളിലും ഇവര്‍ ആക്രമണങ്ങള്‍ നടത്തുന്നു. ഹര്‍ക്കത്തുല്‍ ജിഹാദി ഇസ്ലാമി, ജമാത്തുല്‍ അഹ്രര്, ജമാത്തുദ് ദവ അല്‍-ഖുറാന്, തരീഖ് ഗിദാര്‍ ഗ്രൂപ്പ് തുടങ്ങിവയവയാണ് മറ്റ് സംഘടനകള്‍. തരീഖ് ഗിദാറാണ് പെഷവാര്‍ സൈനിക സ്കൂളില്‍ 132 വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കായ ഭീകരാക്രമണം നടത്തിയത്.
വിശദാംശങ്ങളോടെയും തെളിവുകളോടെയുമാണ് ഭീകരസംഘടനകളുടെ പട്ടിക യുഎസ് നല്‍കിയിട്ടുള്ളത്. നടപടിയെടുക്കാതിരിക്കാന്‍ പാകിസ്താന് കഴിയില്ലെന്നും രാജ്യാന്തര സമ്മര്‍ദ്ദമുണ്ടാകുമെന്നും യുഎസ് കണക്കുകൂട്ടുന്നു. ഭീകരര്‍ക്കു താവളമൊരുക്കുന്ന പാകിസ്താനെതിരെ ദക്ഷിണേഷ്യന്‍ നയത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ശക്തമായാണ് വിമര്‍ശിച്ചത്. ഇസ്ലലാമാബാദ് സന്ദര്‍ശിച്ചപ്പോള്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടിലേഴ്സണ്‍ 75 ഭീകരരുടെ പട്ടിക കൈമാറിയതായും സൂചനയുണ്ട്. ഇന്ത്യയില്‍ വന്നപ്പോഴും പാകിസ്താനെതിരെ ടിലേഴ്സണ്‍ സംസാരിച്ചിരുന്നു.