പാചകവാതക വില: ഭരണകൂടം ജനങ്ങളെ വഞ്ചിക്കുന്നത് ഇങ്ങിനെയൊക്കെയാണ്

0
70

കെ.ശ്രീജിത്ത്‌

സബ്‌സിഡിയില്ലാത്ത പാചക വാതകത്തിന്റെ വില കേന്ദ്രസര്‍ക്കാര്‍ വീണ്ടും വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ഗാര്‍ഹിക സിലിണ്ടറിന് 94 രൂപയും വ്യവസായാവശ്യത്തിനുള്ള സിലിണ്ടറിന് 146 രൂപയുമാണ് ഒടുവില്‍ വര്‍ദ്ധിപ്പിച്ചത്. സബ്‌സിഡിയുള്ള സിലിണ്ടറിന്റെ വര്‍ദ്ധനവ് നാലര രൂപയാണ്.

കേന്ദ്രസര്‍ക്കാരിന്റെ ഉപദേശപ്രകാരം സബ്‌സിഡി ഉപേക്ഷിച്ച ലക്ഷക്കണക്കിന് വരുന്ന ആളുകളെ പിന്നില്‍ നിന്ന് കുത്തുകയാണ് നിരന്തരം വില വര്‍ദ്ധിപ്പിക്കുന്നതിലൂടെ കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. കഴിഞ്ഞ മാസമാണ് 49 രൂപ വര്‍ദ്ധിപ്പിച്ചിരുന്നത്. ഇപ്പോള്‍ സബ്‌സിഡിയില്ലാത്തവര്‍ 729 രൂപ നല്‍കിയാലാണ് ഒരു സിലിണ്ടര്‍ പാചകവാതകം ലഭിക്കുക. സബ്‌സിഡി ലഭിക്കുന്നവര്‍ 491.5 രൂപയാണ് ഒരു സിലിണ്ടറിന് നല്‍കേണ്ടത്. ഇതോടൊപ്പം റേഷന്‍ മണ്ണെണ്ണയുടെ വിലയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

എങ്ങിനെയാണ് ഒരു ജനാധിപത്യ രാജ്യത്തെ ജനം വഞ്ചിക്കപ്പെടുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് പാചകവാതകത്തിന്റെ വിലയില്‍ അടിയ്ക്കടി ഉണ്ടാകുന്ന വില വര്‍ദ്ധനവ്. സബ്‌സിഡി ഉപേക്ഷിക്കൂ അതുവഴി രാജ്യത്തിന് ഒരു നന്മ ചെയ്യൂ എന്ന നാട്യത്തില്‍ ഭരണകൂടത്തിന്റെ ഉപദേശം കേട്ട് വഞ്ചിതരാക്കപ്പെട്ട ലക്ഷക്കണക്കിന് വരുന്ന ജനം. പൗരധര്‍മത്തെക്കുറിച്ച് ഇപ്പോഴും വേവലാതിപ്പെടുന്ന ന്യൂനപക്ഷം വരുന്ന അവരെ ഭരണകൂടം യാതൊരു മന:സാക്ഷിക്കുത്തുമില്ലാതെ വഞ്ചിക്കുകയാണ് സബ്‌സിഡിയില്ലാത്ത പാചകവാതകത്തിന്റെ വില നിരന്തരം വര്‍ദ്ധിപ്പിക്കുന്നതിലൂടെ ചെയ്തുകൊണ്ടിരിക്കുന്നത്. ഇങ്ങിനെ സബ്‌സിഡി ഉപേക്ഷിച്ചവരില്‍ ഭൂരിഭാഗവും മധ്യവര്‍ഗക്കാരാണ്. അവര്‍ക്കും താങ്ങാനാവാത്ത വിധം വില കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുകയാണ്.

ഇനി സബ്‌സിഡി ഉപേക്ഷിച്ചിട്ടില്ലാത്തവരുടെ അവസ്ഥയോ? 491 രൂപ 50 പൈസ നല്‍കിയാലാണ് അവര്‍ക്ക് ഒരു സിലിണ്ടര്‍ ലഭിക്കുക. ഇങ്ങിനെ സബ്‌സിഡി ഉപേക്ഷിച്ചിട്ടില്ലാത്തവരില്‍ ഭൂരിഭാഗവും മധ്യവര്‍ഗത്തിലും താഴെയുള്ളവരാണ്. അപ്പോള്‍ 491 രൂപ എന്നതുതന്നെ അവരെ സംബന്ധിച്ചിടത്തോളം എടുത്താല്‍ പൊങ്ങാത്തതാണ്. ഇപ്പോള്‍ പാചകവാതകം ഉപയോഗിക്കുന്നവരാണ് മിക്കവരും. പ്രത്യേകിച്ചും കേരളത്തില്‍. അങ്ങിനെ വരുമ്പോള്‍ അവരുടെയൊക്കെ മാസ ബജറ്റിനെ അത് സാരമായി ബാധിക്കുന്നുണ്ട്.

ഹോട്ടല്‍ ഭക്ഷണത്തിന്റെ കാര്യമോ? ജിഎസ്ടിയുടെ പേരില്‍ പകല്‍ക്കൊള്ളയാണ് മിക്ക ഹോട്ടലുകളും ഇപ്പോള്‍ത്തന്നെ നടത്തിക്കൊണ്ടിരിക്കുന്നത്. അതിനുപുറമെയാണ് പാചകവാതകത്തിന്റെ വില വര്‍ദ്ധനവ്. ഇനി ഇതിന്റെ പേരില്‍ കൂടി ഭക്ഷണത്തിന്റെ വിലയില്‍ വന്‍ വര്‍ദ്ധനവുണ്ടാക്കാന്‍ അവര്‍ക്ക് യാതൊരു മടിയുമുണ്ടാകില്ല. ജിഎസ്ടി ഒന്നുകൊണ്ടുമാത്രം കൊള്ളലാഭം ഉണ്ടാക്കാനുള്ള സാഹചര്യമാണ് ഹോട്ടലുകാര്‍ക്കുണ്ടായത്.

ഇന്ത്യ ഒരു ക്ഷേമരാഷ്ട്രമാണെന്നാണ് കാലാകാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നത്. എല്ലാതരം സബ്‌സിഡികളും ഇല്ലാതാക്കുകയും പൊതുവിതരണ സമ്പ്രദായം അട്ടിമറിക്കുകയും ചെയ്തുകൊണ്ട് ഈ ക്ഷേമരാഷ്ട്ര സങ്കല്പത്തെ നിരന്തരം അട്ടിമറിക്കുകയാണ് വലതുപക്ഷ രാഷ്ട്രീയ ശക്തികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അത് യുപിഎ സര്‍ക്കാരായാലും ശരി, എന്‍ഡിഎ സര്‍ക്കാരായാലും ശരി. യുപിഎ സര്‍ക്കാര്‍ ചെയ്ത അതേ ദ്രോഹങ്ങള്‍ അതിലും വേഗത്തില്‍ ചെയ്തുകൊണ്ടിരിക്കുകയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍. ഇത് നിര്‍ദോഷമായിട്ടോ യാദൃശ്ചികമായിട്ടോ ആണെന്ന് പുറത്തേയ്ക്ക് തോന്നിപ്പിക്കും വിധമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇത് കൃത്യമായും ഒരു അജണ്ടയുടെ, വലതുപക്ഷ കോര്‍പ്പറേറ്റ് നയത്തിന്റെ ഭാഗമായിട്ടാണ് ചെയ്യുന്നതെന്ന കാര്യത്തില്‍ സംശയമില്ല.

‘പൊതു’വായ എന്തും മോശമാണെന്ന് പ്രചരിപ്പിക്കുന്നത് ഒരു വലതുപക്ഷ രീതിയാണ്. പൊതുവിദ്യാലയങ്ങള്‍ മോശമാണെന്നും പൊതു ആരോഗ്യകേന്ദ്രങ്ങള്‍ മോശമാണെന്നും വരുത്തിത്തീര്‍ക്കുന്നത് അതിന്റെ ഭാഗമായിട്ടാണ്. അതുവഴി സ്വകാര്യ സംരഭകര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുകയാണ് ചെയ്യുന്നത്. സര്‍ക്കാര്‍ വിദ്യാലയമോ സര്‍ക്കാര്‍ ആസ്പത്രിയോ ഒക്കെ കേള്‍ക്കുമ്പോള്‍ ആളുകള്‍ക്കിടയിലുണ്ടാകുന്ന വികാരം ഇത്തരം കച്ചവടതന്ത്രങ്ങള്‍ വിജയിക്കുന്നതിന്റെ ഉദാഹരണങ്ങളാണ്. ഏറ്റവും നല്ല വിദ്യാഭ്യാസം സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ നിന്ന് മാത്രമെ ലഭിക്കുകയുള്ളൂവെന്നും ഏറ്റവും നല്ല ചികിത്സ ലഭിക്കാന്‍ സ്വകാര്യ ആസ്പത്രികളാണ് നല്ലതെന്നുമുള്ള ബോധം ആളുകളില്‍ ഉണ്ടാക്കിയെടുക്കുന്നതില്‍ ഒരളവുവരെ ഈ കച്ചവടതന്ത്രങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. ആ വലതുപക്ഷരീതി പിന്തുടര്‍ന്നുകൊണ്ട് തന്നെയാണ് സബ്‌സിഡികള്‍ പോലെയുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള ഭരണകൂട നീക്കങ്ങളും. സര്‍ക്കാര്‍ പൗരന് വേണ്ടിയുള്ളതാണെന്ന കാഴ്ചപ്പാട് മാറി അത് സ്വയം ഒരു കോര്‍പ്പറേറ്റ് സ്ഥാപനമായി വര്‍ത്തിക്കുകയും അതിന് തലപ്പത്തുള്ളവര്‍ കോര്‍പ്പറേറ്റ് അധികാരം കൈയാളുകയും ചെയ്യുന്നു. ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുകയല്ല സര്‍ക്കാരിന്റെ പണിയെന്നും പകരം ഒരു കോര്‍പ്പറേറ്റ് സ്ഥാപനമായി നിലകൊണ്ട് ജനങ്ങളെ ഊറ്റിയെടുക്കയാണ് അതിന്റെ ധര്‍മമെന്നും വരുത്തിത്തീര്‍ക്കുന്നു. പൊതുവിതരണ സമ്പ്രദായം പൊളിച്ചുകൊണ്ടും സബ്‌സിഡികള്‍ ഇല്ലാതാക്കിക്കൊണ്ടും ഭരണകൂടങ്ങള്‍ ഏറെക്കുറെ ആ ലക്ഷ്യത്തിലെത്തിക്കഴിഞ്ഞു. ദരിദ്രന്റെയും അരികുചേര്‍ക്കപ്പെട്ടവന്റെയും അടിച്ചമര്‍ത്തപ്പെട്ടവന്റെയും പ്രതിനിധിയല്ല സര്‍ക്കാരെന്നും അത് പുലര്‍ത്തുന്നത് കോര്‍പ്പറേറ്റ് താല്പര്യങ്ങളാണെന്നും അവര്‍ ഉറപ്പുവരുത്തുന്നു.