തിരുവനന്തപുരം: യദുകൃഷ്ണനുമായി ബന്ധപ്പെട്ട ശാന്തി വിവാദത്തില്‍ ദേവസ്വം ബോര്‍ഡ് അന്വേഷണ റിപ്പോര്‍ട്ട് കാത്തിരിക്കുകയാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍ 24 കേരളയോട് പറഞ്ഞു.
തനിക്ക് ലഭിച്ച വിവരം അനുസരിച്ച് യദുകൃഷ്ണനില്‍ നിന്നും വീഴ്ച വന്നിട്ടില്ല. യദുകൃഷ്ണന് ലീവിന് പോകുമ്പോള്‍ ഏര്‍പ്പെടുത്തിയ പകരം ശാന്തി വൈകിയതാണ് പരാതിക്കിടയാക്കിയത്. അതില്‍ യദുകൃഷ്ണന് എങ്ങിനെ കുറ്റക്കാരന്‍ ആകും എന്ന് മനസിലാകുന്നില്ല. പക്ഷെ വിവാദം അന്വേഷിക്കേണ്ടത് ദേവസ്വംബോര്‍ഡിന്റെ ഉത്തരവാദിത്തമാണ്. അതുകൊണ്ട് തന്നെ ഹരിപ്പാട് ദേവസ്വം ഡെപ്യൂട്ടി കമ്മിഷണറെ ശാന്തിവിവാദം അന്വേഷിക്കാന്‍ നിയോഗിച്ചിട്ടുണ്ട്.
ആരുടെ ഭാഗത്ത് നിന്ന് വീഴ്ച പറ്റി, എന്തൊക്കെ മേല്‍നടപടികള്‍ സ്വീകരിക്കണം എന്നൊക്കെ അന്വേഷിക്കുന്നുണ്ട്. എന്തായാലും ദേവസ്വം ഡെപ്യൂട്ടി കമ്മിഷണറുടെ റിപ്പോര്‍ട്ട് വരട്ടെ. ബാക്കി കാര്യങ്ങള്‍ അതിനുശേഷം തീരുമാനിക്കും. അജയ് തറയില്‍ പറഞ്ഞു.
യദുകൃഷ്ണനെതിരെ യോഗക്ഷേമ സഭയും രംഗത്ത് വന്നിരുന്നു. പക്ഷെ യദുകൃഷ്ണന് വിവാദത്തില്‍ യോഗക്ഷേമ സഭയുടെ നിലപാടുകള്‍ തള്ളിക്കളഞ്ഞു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്ത് വന്നിരുന്നു. ഇഎംഎസ് അടക്കമുള്ള പ്രബല നേതാക്കള്‍ നേതൃത്വം നല്കിയ യോഗക്ഷേമ സഭ പാരമ്പര്യം മറക്കുകയാണെന്ന് കടകംപള്ളി സുരേന്ദ്രന് കുറ്റപ്പെടുത്തിയിരുന്നു.
തിരുവല്ല മണപ്പുറം ശിവക്ഷേത്രത്തിലെ ശാന്തിക്കാരനായാണ് തൃശ്ശൂര്‍ കൊരട്ടി സ്വദേശിയായ യദുകൃഷ്ണന് ഈയിടെ ജോലിയില്‍ പ്രവേശിച്ചത്. ദളിത് വിഭാഗത്തില്‍പ്പെട്ട ആറു പേരുള്‍പ്പെടെ 36 അബ്രാഹ്മണ ശാന്തിമാരെ ഇക്കുറി ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് നിയമിച്ചിരുന്നു.
പക്ഷെ ഈ അബ്രാഹ്മണ യദുകൃഷ്ണനുമായി ബന്ധപ്പെട്ട ശാന്തി വിവാദം പെട്ടെന്ന് ആളിപ്പടരുകയായിരുന്നു. പൂജകൾക്ക് യദുകൃഷ്ണന് മുടക്കം വരുത്തിയെന്നുകാണിച്ച് തിരുവല്ല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്ക് കേരള ശാന്തിക്ഷേമ യൂണിയൻ പരാതി നൽകിയിരുന്നു. പക്ഷെ പരാതി തിരുവല്ല ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ തള്ളിക്കളഞ്ഞിരുന്നു. പക്ഷെ വിവാദം കനത്തതോടെ അന്വേഷണത്തിനു തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് ഉത്തരവിടുകയായിരുന്നു.