തിരുവനന്തപുരം: റോഡ് അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവര്‍ക്ക് 48 മണിക്കൂര്‍ നേരം ചികിത്സ സൗജന്യമാക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുന്നതിന് ട്രോമാ കെയര്‍ പദ്ധതി രൂപീകരിക്കാന്‍ മുഖ്യന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയും പങ്കെടുത്തു.
സംസ്ഥാനത്ത് വാഹനാപകടത്തില്‍ പെടുന്നവര്‍ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടാല്‍ 48 മണിക്കൂര്‍ നേരത്തേക്ക് രോഗിയില്‍നിന്നോ ബന്ധുക്കളില്‍നിന്നോ പണമൊന്നും ഈടാക്കാതെ സൗജന്യ ചികിത്സ നല്‍കാനാണ് പദ്ധതി.
അപകടത്തില്‍പ്പെട്ട് ആശുപത്രിയിലെത്തുന്ന ആര്‍ക്കും ചികിത്സ നിഷേധിക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമ്പത്തികശേഷി നോക്കി ചികിത്സിക്കുന്ന രീതി അവസാനിപ്പിക്കണം. സ്വകാര്യ ആശുപത്രിയിലാണെങ്കില്‍ ആദ്യഘട്ടത്തിലെ ചികിത്സയ്ക്കുളള ചെലവ് റോഡ് സുരക്ഷാ ഫണ്ടില്‍നിന്ന് സര്‍ക്കാര്‍ വഹിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
48 മണിക്കൂറിനകം നടത്തുന്ന അടിയന്തര ചികിത്സയ്ക്കുളള പണം സര്‍ക്കാര്‍ നല്‍കും. ഈ തുക പിന്നീട് ഇന്‍ഷുറന്‍സ് കമ്പനികളില്‍നിന്ന് തിരിച്ചുവാങ്ങാനാണ് ഉദ്ദേശിക്കുന്നത്. ഇന്‍ഷുറന്‍സ് കമ്പനികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയ ശേഷം ഇതിന്റെ വിശദരൂപം തയ്യാറാക്കും.
അപകടത്തില്‍പ്പെടുന്നവരെ പെട്ടെന്നുതന്നെ വിദഗ്ദ്ധ ചികിത്സ കിട്ടുന്ന തൊട്ടടുത്ത ആശുപത്രിയില്‍ എത്തിക്കുന്നതിന് ആധുനിക സജ്ജീകരണങ്ങളുള്ള പ്രത്യേക ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തും. സ്വകാര്യ ഏജന്‍സികളില്‍നിന്ന് ഇതിന് വേണ്ടി അപേക്ഷ ക്ഷണിക്കാനാണ് ഉദ്ദേശിക്കുന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്ന ജീവനക്കാര്‍ക്ക് പരിശീലനം നല്‍കും. ആംബുലന്‍സ് ലഭ്യമാക്കുന്നതിനും ആശുപത്രി തിരഞ്ഞെടുക്കുന്നതിനും പ്രത്യേക സോഫ്റ്റ്വെയര് ഉണ്ടാക്കും. ഒരു കേന്ദ്രീകൃത കോള്‍സെന്ററില്‍ ഇതെല്ലാം സോഫ്റ്റ്വെയര് സഹായത്തോടെ നിയന്ത്രിക്കുമെന്നും യോഗത്തില്‍ അറിയിച്ചു.