ലൈംഗികാരോപണത്തെ തുടര്‍ന്ന് ബ്രിട്ടീഷ് പ്രതിരോധമന്ത്രി മൈക്കിള്‍ ഫാളന്‍ രാജിവെച്ചു

0
40

ലണ്ടന്‍: ലൈംഗികാരോപണത്തെ തുര്‍ന്ന് ബ്രിട്ടീഷ് പ്രതിരോധമന്ത്രി മൈക്കിള്‍ ഫാളന്‍ രാജിവെച്ചു. പത്തുവര്‍ഷം മുന്‍പ് റേഡിയോ അവതാരകയോട് അപമര്യാദയായി പെരുമാറിയെന്ന വെളിപ്പെടുത്തല്‍ പുറത്തു വന്നതിനു പിന്നാലെയാണ് ഫാളന്റെ രാജി. ലൈംഗീകാരോപണ വിവാദത്തില്‍ തെരേസ മേ സര്‍ക്കാരില്‍ നിന്നു പുറത്തുപോവുന്ന ആദ്യത്തെ മന്ത്രിയാണ് മൈക്കിള്‍ ഫാളന്‍.

കഴിഞ്ഞ ചില ദിവസങ്ങളായി പാര്‍ലമെന്റില്‍ താനടക്കമുള്ള എംപിമാര്‍ക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയരുകയാണ്. ഇതില്‍ പലതും വസ്തുതാ വിരുദ്ധമാണ്. എന്നാല്‍ മുന്‍പ് താന്‍ ചെയ്ത പലകാര്യങ്ങളും സൈന്യത്തിന്റെ അന്തസിനും നിലവാരത്തിനും യോജിച്ച പ്രവര്‍ത്തിയല്ല. എന്റെ പദവിയിലൂടെയാണ് ഞാന്‍ പ്രതിഫലിച്ചത്. അതിനാല്‍ പ്രതിരോധമന്ത്രി സ്ഥാനത്ത് നിന്നും താന്‍ രാജിവെക്കുന്നതായി ഫാളന്‍ പ്രധാനമന്ത്രി തെരേസ മേയ്ക്ക് കൈമാറിയ രാജിക്കത്തില്‍ പറയുന്നു.

അതേസമയം ഫാളന്റെ രാജി സ്വീകരിച്ച പ്രധാനമന്ത്രി അദ്ദേഹം സ്വന്തം പദവിയില്‍ നിന്നുകൊണ്ട് സര്‍ക്കാരിനും രാജ്യത്തിനും വേണ്ടി ചെയ്ത സേവനങ്ങളെ അഭിനന്ദിച്ചു. വരും മണിക്കൂറുകളില്‍ തന്നെ പുതിയ പ്രതിരോധമന്ത്രി ആരാണെന്ന് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചനകള്‍.

2002-ല്‍ ഒരു പാര്‍ട്ടിക്കിടെ റേഡിയോ അവതാരകയുടെ കാല്‍മുട്ടില്‍ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്നാണ് മൈക്കിള്‍ ഫാളനെതിരെയുള്ള ആരോപണം. റേഡിയോ അവതാരക ഫാളന് മുന്നറിയിപ്പ് നല്‍കിയതായും ഫാളന്റെ വിശ്വസ്തന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഫാളനും സംഭവത്തില്‍ ക്ഷമാപണം നടത്തിയിരുന്നു.