വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയം നിരോധിച്ചുകൊണ്ടുള്ള ഇടക്കാല ഉത്തരവ് ഹൈക്കോടതി അസാധുവാക്കി

0
33

കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയം നിരോധിച്ചുകൊണ്ടുള്ള ഇടക്കാല ഉത്തരവ് ഹൈക്കോടതി അസാധുവാക്കി. ക്യാമ്പസ് രാഷ്ട്രീയത്തിനെതിരായി പൊന്നാനി എം.ഇ.എസ് കോളെജ് സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചതോടെയാണ് ഉത്തരവ് അസാധുവാക്കിയത്. പുറത്താക്കിയ വിദ്യാര്‍ഥികളെ തിരിച്ചെടുത്തുവെന്നും കോളെജില്‍ ഇപ്പോള്‍ രാഷ്ട്രീയമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് എം.ഇ.എസ് അധികൃതര്‍ ഹര്‍ജി പിന്‍വലിച്ചത്.

അക്രമ സംഭവങ്ങളെ തുടര്‍ന്ന് ക്യാമ്പസില്‍ നിന്നും പുറത്താക്കിയ വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ നിരാഹാരം നടത്തിയതോടെയാണ് എംഇഎസ് അധികൃതര്‍ കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കലാലയങ്ങളില്‍ രാഷ്ട്രീയം വേണ്ടെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. കലാലയങ്ങള്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിനുള്ള വേദിയല്ല. പഠിപ്പിക്കാനും പഠിക്കാനും കോളെജുകളിലെത്തുന്നവര്‍ ആ ജോലി ചെയ്യണം. വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിദ്യാര്‍ഥിപ്രസ്ഥാനങ്ങള്‍ ഹൈജാക്ക് ചെയ്യുന്ന അവസ്ഥ ഉണ്ടാവരുതെന്നും കോടതി നിരീക്ഷിച്ചിരുന്നു.

ഉന്നത രാഷ്ട്രീയക്കാരുടെ മക്കളെ നാടിന് പുറത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിട്ട് എല്ലാ സൗകര്യങ്ങളോടെയും പഠിപ്പിക്കുകയാണെന്നും സാധാരണ വിദ്യാര്‍ഥികള്‍ ചെഗുവേരയുടെ ചിത്രമുള്ള ഷര്‍ട്ടുമിട്ട് വിപ്ലവത്തിന് ശ്രമിക്കുകയാണെന്നും കോടതി പറഞ്ഞിരുന്നു. സാക്ഷരതയില്‍ ഒന്നാം സ്ഥാനത്തുള്ള കേരളം ഉന്നത വിദ്യാഭ്യാസരംഗത്തും ഒന്നാം സ്ഥാനത്ത് വരേണ്ടതായിരുന്നു. അതുണ്ടാകാത്തതിന് ആരാണ് ഉത്തരവാദിയെന്ന് ചിന്തിക്കണമെന്നും കോടതി നിരീക്ഷിച്ചിരുന്നു.