പ്രതിരോധ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ വലിയ വിജയമായെന്ന് കെ.കെ.ശൈലജ ടീച്ചര്‍

0
53


തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പിലാക്കിയ പ്രതിരോധ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ വലിയ വിജയമായിരുന്നെന്നു ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മീസില്‍സ്-റൂബെല്ലാ പ്രതിരോധ കുത്തിവെയ്പ്പ് 50 ലക്ഷത്തോളം കുട്ടികള്‍ക്ക് നല്‍കിയതായും മന്ത്രി അറിയിച്ചു.

75.62 കുട്ടികള്‍ക്കാണ് വാക്സിന്‍ നല്‍കാന്‍ ലക്ഷ്യമിട്ടിരുന്നത്. അതില്‍ 50 ലക്ഷം  കുട്ടികള്‍ക്ക് വിജയകരമായി വാക്സിന്‍ നല്‍കി. 66 ശതമാനം നേട്ടമാണ് ഈ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നേടിയത്- മന്ത്രി പറഞ്ഞു.

പ്രതിരോധ വാക്സിന്‍ നല്‍കിയ കുട്ടികള്‍ക്ക് ആര്‍ക്കും ശാരീരികവിഷമതകള്‍ അനുഭവപ്പെട്ടില്ല. പ്രതിരോധ കുത്തിവെയ്പ്പിനെതിരെ പ്രചാരണം നടത്തുന്നവര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും പ്രത്യക്ഷത്തില്‍ അത്തരം പ്രചാരണങ്ങള്‍ നടത്തുന്നവര്‍ ദൃശ്യമായിരുന്നില്ല. മലപ്പുറത്താണ് ഏറ്റവും കുറഞ്ഞ ശതമാനം രേഖപ്പെടുത്തിയത്.

മലപ്പുറത്ത് കണക്കുകള്‍ പ്രകാരം പന്ത്രണ്ടര ലക്ഷത്തോളം കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കേണ്ടതായിരുന്നു. എന്നാല്‍ വാക്സിന്‍ നല്‍കിയത് അഞ്ച് ലക്ഷത്തില്‍ താഴെ കുട്ടികള്‍ക്ക് മാത്രമാണ്. മലപ്പുറത്ത് ബോധവത്ക്കരണം നടത്തിയെങ്കിലും അത് വലിയ വിജയമായിരുന്നില്ലാ എന്നാണു ഈ കണക്കുകള്‍ തെളിയിക്കുന്നത്.

90 ശതമാനം സ്കൂളുകളും പദ്ധതി വിജയകരമായി നടപ്പിലാക്കി. അംഗന്‍വാടികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, സര്‍ക്കാര്‍  ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഇപ്പോഴും വാക്സിന്‍ നല്‍കിവരുന്നുണ്ട്. ബുധന്‍, ശനി ദിവസങ്ങളില്‍ സര്‍ക്കാര്‍ ആശുപത്രികളിലും, ആരോഗ്യ കേന്ദ്രങ്ങളിലും വാക്സിനേഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വാക്സിനേഷന്‍ ക്യാമ്പയിന്‍ നവംബര്‍ 18 വരെ തുടരുമെന്നും മന്ത്രി അറിയിച്ചു.

2020 ഓടെ മീസില്‍സ് നിര്‍മ്മാര്‍ജനം ചെയ്യുന്നതിനും, റൂബല്ല-സിആര്‍എസ് നിയന്ത്രിക്കുന്നതിനും ലക്ഷ്യമിട്ട് നടത്തുന്ന ഈ ബ്രുഹത് പദ്ധതിക്ക് എല്ലാവരും തുടര്‍ന്നും സഹകരിക്കണമെന്നും നമ്മുടെ കുട്ടികളെ മാരക രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനുള്ള മഹാദൌത്യത്തില്‍ എല്ലാവരും പങ്കാളികളാകണമെന്നും, ഇതുവരെ വാക്സിന്‍ നല്‍കാത്ത കുട്ടികള്‍ക്ക് ഉടനടി വാക്സിന്‍ നല്‍കണമെന്നും മന്ത്രി പറഞ്ഞു.