സുധാകര്‍ റെഡ്ഡി പറഞ്ഞാലൊന്നും തോമസ്‌ ചാണ്ടി രാജി വയ്ക്കേണ്ടതില്ലെന്ന് പീതാംബരന്‍ മാസ്റ്റര്‍

0
381

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: സുധാകര്‍ റെഡ്ഡി പറഞ്ഞാലൊന്നും ഗതാഗത മന്ത്രി തോമസ്‌ ചാണ്ടി രാജിവയ്ക്കേണ്ട ആവശ്യമില്ലെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്‍റ് ടി.പി. പീതാംബരന്‍ മാസ്റ്റര്‍ 24 കേരളയോട് പറഞ്ഞു. തികഞ്ഞ ആത്മവിശ്വാസത്തോടെ തന്നെ ഗതാഗതമന്ത്രിക്ക് തുടരാമെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

മുന്‍പും സുധാകര്‍ റെഡ്ഡി തോമസ്‌ ചാണ്ടിക്കെതിരെ പറഞ്ഞിട്ടുണ്ട്. അപ്പോഴും തോമസ്‌ ചാണ്ടി രാജി വെച്ചിട്ടില്ല. സുധാകര്‍ റെഡ്ഡി രാജി വയ്ക്കാന്‍ പറയുമ്പോള്‍ രാജി വയ്ക്കാന്‍ തോമസ്‌ ചാണ്ടി സിപിഐ മന്ത്രിയല്ല. എന്‍സിപി മന്ത്രിയാണ്. എന്‍സിപി മന്ത്രി രാജിവയ്ക്കണോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. എന്‍സിപി തോമസ്‌ ചാണ്ടിക്ക് പിന്നില്‍ ഉറച്ചു നില്‍ക്കുന്നു.

മുഖ്യമന്ത്രി തോമസ്‌ ചാണ്ടിയെ വിളിച്ച് വരുത്തി ശാസിച്ചു എന്നൊക്കെ വാര്‍ത്തകള്‍ വരുന്നു. ഈ വാര്‍ത്തകള്‍ക്ക് വിശ്വാസ്യതയുണ്ടോ? മുഖ്യമന്ത്രി തോമസ്‌ ചാണ്ടിയെ വിളിച്ചു വരുത്തി ശാസിച്ചു എന്ന വാര്‍ത്ത എന്‍സിപി നിഷേധിക്കുന്നു. തോമസ്‌ ചാണ്ടി ആവശ്യപ്പെട്ട് തന്നെ ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച നടന്നിട്ടുണ്ട്. സിപിഎമ്മിന് തോമസ്‌ ചാണ്ടിയോട് എതിര്‍പ്പില്ല. സിപിഎം നിലപാടില്‍ ഒരു മാറ്റവും വന്നിട്ടില്ല. അതുകൊണ്ട് തന്നെ സിപിഎം തോമസ്‌ ചാണ്ടിയെ എതിര്‍ക്കുന്നു എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്.

തോമസ്‌ ചാണ്ടി വിഷയത്തില്‍ എന്‍സിപിക്ക് പ്രതിസന്ധിയില്ല. തോമസ്‌ ചാണ്ടി കുറ്റക്കാരനെന്നു ഒരു റിപ്പോര്‍ട്ടിലുമില്ല. ആര്‍ഡിഒ കുറ്റക്കാരന്‍ എന്നാണു കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.  ആര്‍ഡിഒയ്ക്ക് എതിരെ നടപടി വേണമെന്നും ആലപ്പുഴ കളകടര്‍ നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. തോമസ്‌ ചാണ്ടി കായല്‍ കയ്യേറിയില്ലെന്ന് കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.

നിലം നികത്തിയത് തോമസ്‌ ചാണ്ടിയുടെ സഹോദരിയുടെ സ്ഥലത്താണ്. അതിനു തോമസ്‌ ചാണ്ടി എങ്ങിനെ കുറ്റക്കാരനാകും? പീതാംബരന്‍ മാസ്റ്റര്‍ ചോദിച്ചു. ഇന്നു രാവിലെയാണ് തോമസ് ചാണ്ടിക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി സിപിഎം ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി രംഗത്ത് വന്നത്. തോമസ് ചാണ്ടി അധികാരദുര്‍വിനിയോഗം നടത്തിയിട്ടുണ്ടെന്നും അദ്ദേഹത്തിനെതിരെ നടപടിക്ക് റവന്യൂമന്ത്രി ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നുമാണ് സുധാകര്‍ റെഡ്ഡി ദില്ലിയില്‍ പറഞ്ഞത്.

ജനജാഗ്രതാ യാത്രയില്‍ കാനം രാജേന്ദ്രന്‍ നയിക്കുന്ന യാത്രയില്‍ പങ്കെടുത്ത് കാനത്തിനെ ഇരുത്തി തോമസ് ചാണ്ടി നടത്തിയ വെല്ലുവിളിയാണ് സുധാകര്‍ റെഡ്ഡിയെ പ്രകോപിച്ചത്.  തനിക്കെതിരെ ചെറുവിരല്‍ അനക്കാന്‍ ഒരന്വേഷണസംഘത്തിനും കഴിയില്ലെന്നും താന്‍ കുറ്റക്കാരനല്ലെന്ന് ഉടന്‍ തെളിയുമെന്നുമാണ് തോമസ് ചാണ്ടി വെല്ലുവിളിച്ചത്.

റവന്യൂവകുപ്പ് ഭരിക്കുന്നത് സിപിഐ ആയിരിക്കെ തോമസ് ചാണ്ടി നടത്തിയ വെല്ലുവിളി സിപിഐ നേതൃത്വത്തിനു സൃഷ്ടിച്ച അസ്വസ്ഥതയുടെ പ്രതിഫലനമായിരുന്നു സുധാകര്‍ റെഡ്ഡിയുടെ പ്രതികരണം. ആ പ്രതികരണം തള്ളിയാണ് പീതാംബരന്‍ മാസ്റ്റര്‍ 24 കേരളയോട് സംസാരിച്ചത്.