തിരുവനന്തപുരം: സ്കൂള്‍ കലോല്‍സവത്തിന്റെ അന്തിമ മാനുവല്‍ ഇന്ന് പുറത്തിറക്കും. മാനുവലില്‍ വീണ്ടും മാറ്റങ്ങള്‍ വരുത്തിയാണ് പുറത്തിറക്കുക. നേരത്തെ ആണ്-പെണ് വിഭാഗത്തില്‍ മല്‍സരങ്ങള്‍ ഒരുമിച്ച് നടത്താന്‍ തീരുമാനിച്ചിരുന്ന മിമിക്രി, നാടോടിനൃത്തം, കഥകളി, ഓട്ടന്തുള്ളല് എന്നീ മല്‍സരങ്ങള്‍ പ്രത്യേക മല്‍സരം നടത്തും. സ്കൂളുകളുടെയും നൃത്താധ്യാപകരുടെയും എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം.
മിമിക്രിയില്‍ ഇനി ആണ്-പെണ് വ്യത്യാസം ഉണ്ടാകില്ലെന്ന പരിഷ്കാരത്തിനെതിരെയാണ് പരാതികള്‍ കൂടുതല്‍ ഉയര്‍ന്നത്. കഥകളി സിംഗിളും ഗ്രൂപ്പും നാടോടി നൃത്തവും കഥാപ്രസംഗവും സംഘഗാനവും ഇനി പൊതു മത്സരങ്ങളായിരിക്കുമെന്ന നിലപാടും ആക്ഷേപങ്ങള്‍ക്കിടയാക്കിയിരുന്നു. കലോത്സവത്തിന് മുന്നോടിയായി ഇനി മുതല്‍ ഘോഷയാത്ര വേണ്ടെന്നാണ് മാനുവലില്‍ തീരുമാനിച്ചിരുന്നത്. നാടോടി നൃത്തത്തിന് ആഡംബരം അധികമായാല്‍ മാര്‍ക്ക് കുറയ്ക്കാനും തീരുമാനിച്ചിരുന്നു.
മാനുവല്‍ പരിഷ്കരിച്ചു കൊണ്ടുളള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുളള സമിതി മുന്നോട്ടുവച്ച ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തിരുന്നതാണ്. ഇതിനിടെയാണ് പരിഷ്കാരങ്ങള്‍ക്കെതിരെ പരാതികള്‍ ഉയര്‍ന്നത്.
സ്കൂള്‍ കലോത്സവങ്ങള്‍ക്ക് മുന്നോടിയായി സംഘടിപ്പിക്കുന്ന ഘോഷയാത്ര ഇനി മുതല്‍ വേണ്ടെന്നും മാനുവലില്‍ പറഞ്ഞിരുന്നു. പകരം ഉദ്ഘാടന വേദിക്ക് സമീപം സാംസ്കാരിക ദൃശ്യ വിരുന്ന് ഒരുക്കാമെന്നായിരുന്നു തീരുമാനം. ബാലാവകാശ കമ്മീഷന്റെ നിയന്ത്രണവും ഉണ്ട്. കുട്ടികളെ വെയിലത്ത് നിര്‍ത്തരുതെന്ന് ബാലാവകാശ കമ്മീഷനും നിര്‍ദേശിച്ചിട്ടുണ്ട്. എ ഗ്രേഡ് ലഭിച്ചവര്‍ക്ക് ഒറ്റത്തവണ സാംസ്കാരിക സ്കോളര്‍ഷിപ്പ് അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ ഉണ്ടാകില്ല.
പുതിയ പരിഷ്കാരങ്ങള്‍ ഈ വര്‍ഷത്തെ കലോത്സവം മുതല്‍ നടപ്പാക്കും. 2018 ജനുവരി ആറ് മുതല്‍ പത്ത് വരെയാണ് തൃശൂരിലാണ് ഈ അധ്യയന വര്‍ഷത്തിലെ സ്കൂള്‍ കലോത്സവം.