ഹൊയ്സാലേശ്വര ക്ഷേത്രം ഒരു മഹദ് സൃഷ്ടി

0
319


എന്തുകൊണ്ടാണ് ചില മനുഷ്യസൃഷ്ടികളെ ലോകാത്ഭുതങ്ങളായി കണക്കാക്കുന്നത് എന്ന ചോദ്യത്തിന് വൈവിധ്യമേറിയ ഉത്തരങ്ങളാവും ലഭിക്കുക. നിര്‍മാണത്തിലെ ന്യൂനതകൊണ്ട് ചരിഞ്ഞ പിസയിലെ ഗോപുരത്തെ വരെ ലോകാത്ഭുതമായി കണക്കാക്കുന്നു എന്നതിലൂടെത്തന്നെ ”ലോകാത്ഭുതങ്ങള്‍” എന്നൊക്കെയുള്ള പ്രചാരണത്തിന്റെ പൊള്ളത്തരം മനസ്സിലാകും. ഗ്രീക്ക് ചരിത്രകാരനായ ഹെറോഡോട്ടസ് ആണ് ലോകാത്ഭുതങ്ങളുടെ പുരാതന കാല പട്ടിക ഉണ്ടാക്കിയത് എന്നാണ് കരുതപ്പെടുന്നത്. ഹെറോഡോട്ടസിന്റെ ലോകം എന്നത് ”മെഡിറ്ററേനിയന്‍” തീരം മാത്രമായിരുന്നു. ആ പ്രദേശത്തുള്ള അദ്ദേഹത്തിന് അത്ഭുതമെന്ന് തോന്നിയ ഏഴു നിര്‍മിതികളെ അദ്ദേഹം ലോകാത്ഭുതങ്ങള്‍ എന്ന് വിളിച്ചു. ഹെറോഡോട്ടസിന്റെ ”ലോകം” മെഡിറ്ററേനിയന്‍ സമുദ്രതീരം ആയിരുന്നു വെങ്കില്‍ പിന്നീടുള്ള പലരുടെയും ”ലോകം” അതിലും ഏറെ ഇടുങ്ങിയതായിരുന്നു. അതിനാല്‍ തെന്നെ ലോകാദ്ഭുതം എന്ന് ചില നിര്‍മിതികളേ വിളിക്കുന്നതുകൊണ്ട്, മഹത്തായ മറ്റു നിര്‍മിതിയുടെ പ്രഭ ഒട്ടും മങ്ങുന്നില്ല. ഇന്ത്യയില്‍ ലോകാത്ഭുതങ്ങള്‍ എന്ന് പേരിട്ടു വിളിക്കുന്ന നിര്‍മിതികളേ വെല്ലുന്ന അനേകം നിര്‍മിതികള്‍ ഉണ്ട് .അവയില്‍ ഒന്നാണ് കര്‍ണാടകത്തിലെ ഹൊയ്സാലേശ്വര ക്ഷേത്രം.

ഇന്നേക്കും എണ്ണൂറിലേറെ കൊല്ലങ്ങള്‍ക്കുമുമ്പ് നിര്‍മിക്കപ്പെട്ടതാണ് അത്ഭുതങ്ങളുടെ കലവറയായ ഹൊയ്സാലേശ്വര ക്ഷേത്രം. ഭഗവാന്‍ ശിവന്റെ ക്ഷേത്രമാണ് ഹൊയ്സാലേശ്വര ക്ഷേത്രം. ഹൊയ്‌സാല രാജവംശത്തിലെ മഹാരാജാവായിരുന്ന വിഷ്ണു വര്‍ദ്ധനന്റെ കാലത്താണ് നിര്‍മിതി നടന്നത്. കര്‍ണാടകത്തിലെ ഹാലേബീട് എന്ന ചെറു പട്ടണത്തിലാണ് ഈ മഹാ വിസ്മയം നിലനില്‍ക്കുന്നത്. ബാങ്കളൂരില്‍ നിന്നും ഏതാണ്ട് 200 കിലോമീറ്റര്‍ അകലെയാണ് ഹൊയ്സാലേശ്വര ക്ഷേത്രം. അധിനിവേശ ശക്തികള്‍ പലതവണ ആക്രമിച്ചു തകര്‍ക്കാന്‍ ശ്രമിച്ചിട്ടും തകരാതെ ഇപ്പോഴും തലയുയര്‍ത്തി നില്‍ക്കുകയാണ് ഈ വിസ്മയം.

അതിമനോഹരമാണ് ക്ഷേത്രത്തിന്റെ നിര്‍മിതി. ക്ഷേത്രം കൃഷ്ണശിലകൊണ്ട് നിര്‍മിച്ച തൂണുകളിലാണ് നില്‍ക്കുന്നത്. അത്യാധുനിക യന്ത്രങ്ങളാല്‍ കടഞ്ഞെടുത്തതിന് സമാനമാണ് ഈ ശിലാ സ്തംഭങ്ങള്‍ എങ്ങനെയാണ് അക്കാലത്ത് ഇത്തരം വലിയ സ്തംഭങ്ങള്‍ കടഞ്ഞെടുത്തത് എന്നത് ഇന്നും അജ്ഞാതമായി തുടരുന്നു. കടച്ചിലിനുപയോഗിച്ച ആയുധങ്ങള്‍ ഉണ്ടാക്കിയ വര്‍ത്തുള രേഖകള്‍ ഇപ്പോഴും തൂണുകളില്‍ ദൃശ്യമാണ്. അതി സങ്കീര്‍ണമാണ് ക്ഷേത്രത്തിലെ കൊത്തു പണികള്‍. ഏറ്റവും കഠിനമായ ശിലകളില്‍ അതി സൂക്ഷ്മവും സുന്ദരവുമായ കൊത്തുപണികളും വിസ്മയങ്ങളും തീര്‍ത്തത് മഹാ വൈഭവ ശാലികളായ കലാകാരന്മാരാവാതെ തരമില്ല. ശിലകള്‍ സൂക്ഷ്മമായി തുരന്ന്‌നിര്‍മിച്ചിരിക്കുന്ന ഹൊയ്സാലേശ്വര ക്ഷേത്രത്തിലെ ശില്പങ്ങള്‍ക്ക് ഇന്ത്യയിലല്ലാതെ മറ്റെവിടെയും സമാനതയില്ല. ഭഗവാന്‍ ശിവന്റെ ക്ഷേത്രമാണെങ്കിലും ക്ഷേത്രത്തിലെ കൊത്തുപണികളില്‍ ഭഗവാന്‍ വിഷ്ണുവിന്റെ രൂപങ്ങള്‍ വളരെയധികം ഉണ്ട് .ഭാരതീയ ദാര്ശനികതയുടെ നേര്‍സാക്ഷ്യമാണ് ഇവിടെ കാണാന്‍ ആവുക.

ക്ഷേത്രത്തിന്റെ തെക്കും വടക്കുമായി രണ്ടു സുന്ദരമായ നന്ദി വിഗ്രഹങ്ങള്‍ ഉണ്ട്. ദക്ഷിണ ഇന്ത്യയിലെ വലിയ നന്ദി വിഗ്രഹങ്ങളില്‍ ഇവ ഉള്‍പ്പെടും. ഈ നന്ദി പ്രതിമകളെകണ്ണാടിയെപ്പോലെയാണ് പോളിഷ് ചെയ്തിരിക്കുന്നത്. എട്ടു നൂറ്റാണ്ടുകളുടെ നിരന്തരമായ പ്രകൃതിശക്തികളുടെ പ്രഹരത്തിനു പോലും ഈ നന്ദീ വിഗ്രഹങ്ങളുടെ പൂര്ണതക്ക് ഒരു കോട്ടവും വരുത്താനായിട്ടില്ല. ഒറ്റക്കല്ലിലാണ് രണ്ടു നന്ദീ വിഗ്രഹങ്ങളുംകൊത്തിയെടുത്തിരിക്കുന്നത്. ഹൊയ്സാലേശ്വര ക്ഷേത്രത്തിലെ ഓരോ നിര്മിതിയും കലാകാരന്മാരുടെ മാസ്റ്റര്‍ പീസുകള്‍ തന്നെയാണ്. നിര്‍മാണ ന്യൂനത കൊണ്ട് ചരിഞ്ഞ ഗോപുരത്തെ ലോകാത്ഭുതമായി കണക്കാക്കുമ്പോള്‍ ഹൊയ്സാലേശ്വര ക്ഷേത്രം പോലെയുള്ള പൂര്ണതയെ സ്പര്‍ശിക്കുന്ന മഹത് നിര്‍മിതികള്‍ വിസ്മൃതമാകുന്നത് ഖേദകരം തന്നെയാണ്.