അനിഷ്ടകരമായ സ്പര്‍ശനങ്ങളെ ലൈംഗിക പീഡനമായി കണക്കാക്കാനാകില്ല: ഹൈക്കോടതി

0
51

ന്യൂഡല്‍ഹി: ഒരു വ്യക്തിക്ക് അനിഷ്ടകരമായ സ്പര്‍ശനങ്ങളെ ലൈംഗിക പീഡനമായി കണക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ലൈംഗികേച്ഛയോട് കൂടിയ സ്പര്‍ശനങ്ങളെ മാത്രമെ ലൈംഗികപീഡനമായി കണക്കാക്കാനാകൂവെന്നും കോടതി വ്യക്തമാക്കി.

ഒരു വ്യക്തിക്ക് സ്വീകാര്യമല്ലാത്ത, എന്നാല്‍ തികച്ചും അപ്രതീക്ഷിതമായി സംഭവിക്കുന്ന സ്പര്‍ശനങ്ങള്‍ ലൈംഗികപീഡനമല്ലെന്നും ജസ്റ്റിസ് വിഭു ബക്രു നിരീക്ഷിച്ചു. ലൈംഗികസ്വഭാവമില്ലാത്ത ശാരീരികസ്പര്‍ശനങ്ങളും പരാതിക്കാരന്റെ ലിംഗഭേദവും കണക്കാക്കി സംഭവത്തെ ലൈഗികപീഡനമായി വിലയിരുത്താനാകില്ലെന്നും കോടതി പറഞ്ഞു.

സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സി.ആര്‍.ആര്‍.ആര്‍) ശാസ്ത്രജ്ഞ മുന്‍ സഹപ്രവര്‍ത്തകന് നേരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബെഞ്ചിന്റെ നിരീക്ഷണം.

സി.എസ്.ഐ.ആര്‍.ഐ കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നവരാണ് ഇരുവരും. 2005 ഏപ്രില്‍ ഏഴിന് പരാതിക്കാരിയുടെ കൈയിലുണ്ടായിരുന്ന ലബോറട്ടറി സാമ്പിളുകള്‍ സഹപ്രവര്‍ത്തകനും കൂടിയായിരുന്ന മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ബലമായി പിടിച്ചെടുത്ത് എറിയുകയും മുറിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.

സംഭവത്തില്‍ പ്രതിയില്‍ നിന്നും മോശമായ പെരുമാറ്റമാണ് ഉണ്ടായിരിക്കുന്നതെന്നും അതിനെ ലൈംഗികേച്ഛയോട് കൂടിയുള്ള സ്പര്‍ശനമെന്ന് പറയാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. കമ്മിറ്റി റിപ്പോര്‍ട്ടിനെ അച്ചടക്ക സമിതി സ്വീകരിക്കുകയും കുറ്റാരോപിതന് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തു.