അരലിറ്റര്‍ കുപ്പിവെള്ളത്തിന് 40 രൂപ; നടപടിയെടുക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍

0
68

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രമുഖ സ്വകാര്യ സിനിമാ തിയേറ്ററായ കൃപാ തിയേറ്ററില്‍ 10 രൂപ വിലയുള്ള അരലിറ്റര്‍ കുപ്പിവെള്ളത്തിന് 40 രൂപ ഈടാക്കി. ഈ പശ്ചാത്തലത്തില്‍ ആവശ്യമായ പരിശോധനകള്‍ നടത്തി അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

തീയേറ്ററില്‍ നിന്നും കുപ്പിവെള്ളം വാങ്ങിയ മനുഷ്യാവകാശ പ്രവര്‍ത്തകനായ ഷെഫിന്‍ കവടിയാര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. കുപ്പിക്ക് പുറത്ത് 40 രൂപ വില രേഖപ്പെടുത്തിയിട്ടുണ്ട്. ഇതേ കുപ്പി സാധാരണ കടയില്‍ 10 രൂപ വിലയിട്ടാണ് വില്‍ക്കുന്നത്.

40 രൂപ വിലയില്‍ നിന്നും 6 രൂപ 10 പൈസ ജി.എസി.ടിയായി ഈടാക്കുന്നു. ഇന്ത്യയിലൊരിടത്തും കുപ്പിവെള്ളത്തിന് 18% നികുതിയില്ല. 10 രൂപയുടെ കുടിവെള്ളം വിതരണക്കാര്‍ക്ക്‌ ലഭിക്കുന്നത് 7 രൂപ 21 പൈസക്കാണ്. 500 കുപ്പി വാങ്ങിയാല്‍ 5 രൂപ നിരക്കില്‍ ലഭിക്കും. അരലിറ്റര്‍ പെട്രോളിന് പോലും 40 രൂപ വിലയില്ലെന്ന് പരാതിയില്‍ പറയുന്നു. പെട്ടെന്ന് മായുന്ന തരത്തിലാണ് കുപ്പിക്ക് പുറത്ത് 40 രൂപ അച്ചടിച്ചിരിക്കുന്നത്.

തീയേറ്റര്‍ ഉടമകള്‍ പകല്‍കൊള്ള നടത്തുന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണെന്ന് സംശയമുണ്ടെന്ന് കമ്മീഷന്‍ ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി. മോഹനദാസ് ഇടക്കാല ഉത്തരവില്‍ പറഞ്ഞു. അതേസമയം സിനിമ കാണാനെത്തുന്നവര്‍ വഞ്ചിക്കപ്പെടുകയാണെന്നും ഉത്തരവില്‍ പറയുന്നു. ജില്ലാ കളക്ടര്‍, ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍, എന്നിവര്‍ നാലാഴ്ചയക്കകം വിശദീകരണം നല്‍കണം. കുപ്പിവെള്ളത്തിന് അമിതവില ഈടാക്കുന്ന കൃപാ തീയേറ്റര്‍ മാനേജര്‍ പ്രത്യേകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.